
കോലഞ്ചേരി: അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ലക്ഷങ്ങൾ മറിയുന്ന ചൂതാട്ടം. പട്ടിമറ്റത്ത് കുന്നത്തുനാട് പൊലീസ് നടത്തിയ റെയ്ഡിൽ അര ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. നാലു പേർ പിടിയിൽ. അസാം സ്വദേശികളായ നസിറുൾ ഇസ്ലാം (28), ഹോജയ് ആലി (30), റോബിയുൻ ഹുസൈൻ (26), പശ്ചിമബംഗാളുകാരൻ സുകുമാർ ബർമ്മൻ(24) എന്നിവരെയാണ് ഇൻസ്പെക്ടർ ഒഫ് പൊലീസ് വി.ടി ഷാജന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പി.പി റോഡിൽ ഡബിൾപ്പാലത്തിനു സമീപം വാടകക്കെടുത്ത കെട്ടിടത്തിലെ മുറിയിലായിരുന്നു ചൂതാട്ട കേന്ദം. ജനലുകളും വാതിലും പ്രത്യേകം കർട്ടിനിട്ട് മറച്ച് ആധുനിക സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിവിധ ക്യാമ്പുകളിൽ നിന്ന് ഇവിടെ നിരവധി പേർ ചൂതാട്ടത്തിനെത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പണവും പണത്തിനു പകരം ടോക്കൺ സമ്പ്രദായവുമാണ്. ഞായറാഴ്ചകളിൽ മുറി വാടകയ്ക്ക് എടുത്ത ആൾ കളിക്കാനെത്തുന്നവരിൽ നിന്ന് നിശ്ചിത തുക കമ്മീഷൻ ഇനത്തിലും വാങ്ങും.