
തിരുവനന്തപുരം: കുട്ടികളുടെ ആശുപത്രിയായ എസ്.എ.ടി.യിലെ എ.സി യൂണിറ്റിൽ തീപിടുത്തം. ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ വൻ അപകടം ഒഴിവാക്കി.
ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് എ.സി ഔട്ട് ഡോർ യൂണിറ്റിൽ ഷോർട്ട് സർക്യുട്ടിനെ തുടർന്ന് തീപിടിച്ചത്. ഐ.ബി.എൻ വാർഡിലെ എ.സിയിലേക്കുള്ള വയറിലാണ് തീപടർന്നത്. കനത്ത പുക ഉയരുന്നത് കണ്ട് ജീവനക്കാർ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഈ സമയം ഓട്ടം കഴിഞ്ഞെത്തിയ എസ്.എടിയിലെ ആംബുലൻസ് ഡ്രൈവർ എസ്. സന്തോഷ് കുമാർ ഗ്ലാസുകൾ തകർത്ത് രണ്ടാംനിലയിൽ എത്തി ഫയർ എക്സ്റ്റിംഗ്യൂഷൻ ഉപയോഗിച്ച് തീ കെടുത്തി വൻ ദുരന്തം ഒഴിവാക്കി.
കുട്ടികളെ കിടത്തിയിരുന്ന വാർഡിലേക്കുള്ള എ.സിയിലാണ് തീപിടിച്ചത്. ഈ സമയം അൻപതോളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു. കുട്ടികളുടെ കാര്യം ആയതിനാൽ മറ്റൊന്നും ചിന്തിച്ചില്ല. എങ്ങനെയും തീ കെടുത്തുക എന്നതായിരുന്നു മനസിലെന്നും പോങ്ങുംമൂട് ചേന്തി സ്വദേശിയായ സന്തോഷ് പറഞ്ഞു.