coronavirus

അധികം താമസിയാതെ കൊവിഡ് വാക്‌സിൽ കണ്ടെത്തിയാലും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസുകൾ ഇനിയും അവതാരമെടുത്തേക്കാം. അത് ഒരു പക്ഷെ ഇതിനെയും വെല്ലുന്ന വൈറസായിരിക്കും. ഇത്തരത്തിൽ ഏതൊക്കെ വേഷത്തിൽ വൈറസ് വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം പ്രാപ്തമാക്കേണ്ടത് അത്യാവശ്യമാണ്.

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാനാകും. ഇവ രണ്ടിനെയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.

കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നത്, പല്ലു തേയ്ക്കുന്നത്, കുളിക്കുന്നത്, ഭക്ഷണം കഴിക്കുന്നത്, സമയത്ത് ഉറങ്ങുന്നത്, രോഗമില്ലാതിരിക്കുന്നത് ഇവയെല്ലാം ഒരാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തും.

നല്ല കാലാവസ്ഥയിൽ, ശുദ്ധവായുശ്വസിച്ച്, ശുദ്ധജലവും നല്ല ഭക്ഷണവും കഴിച്ച്, നല്ല വാസസ്ഥലത്ത്, സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്തോഷപ്രദമായ ജീവിതം നയിച്ച്, നല്ല സാമൂഹ്യപശ്ചാത്തലത്തിൽ ജീവിക്കാൻ സാധിക്കുന്നത് ഒരാളുടെ പരിസര ശുചിത്വവും മെച്ചപ്പെടുത്തും. ഇവ രണ്ടും മെച്ചമായാൽ ആരോഗ്യവും നന്നാകും. എന്നാൽ പരിസരത്തെ ജീവികളുടെ അനാരോഗ്യവും പകർച്ചവ്യാധിയുമെല്ലാം ആരോഗ്യമുള്ളയാളിനെയും അസുഖബാധിതനാക്കുന്നു. കൂട്ടായ പരിശ്രമങ്ങളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും മാത്രമേ പരിസരശുചിത്വം മെച്ചപ്പെടുത്തൽ കഴിയൂ.

വ്യക്തിശുചിത്വം പാലിക്കുന്നവർക്ക് പോലും പരിസര ശുചിത്വം പാലിക്കാൻ കഴിയണമെന്നില്ല. അപ്പോൾ പിന്നെ വ്യക്തിശുചിത്വം കുറവുള്ള ഒരാളിന്റെ കാര്യം

പ്രത്യേകം പറയേണ്ടതില്ലല്ലോ? ശരീരബലം വർദ്ധിപ്പിക്കാൻ വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പറയാം.

ഭക്ഷണം തന്നെ മരുന്ന്

കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും ദഹനശക്തിക്കനുസരിച്ചും ആരോഗ്യം ലഭിക്കണമെന്ന ലക്ഷ്യത്തോടെയും ശീലിച്ചിട്ടുള്ള ഭക്ഷണത്തിനാണ് പ്രാധാന്യം നൽകേണ്ടത്. നല്ല നിറവും മണവും രുചിയും ആകൃതിയുമുള്ള ഭക്ഷണമാണ് നല്ലതെന്ന കാഴ്ചപ്പാട് മാറുക തന്നെ വേണം.

തൈരിനേക്കാൾ മോരിനും ചിക്കനേക്കാൾ വെജിറ്റബിൽസിനും തണുത്തവെള്ളത്തേക്കാൾ ചൂടാറ്റിയ വെള്ളത്തിനും ബിരിയാണിയേക്കാൾ കഞ്ഞിക്കും പ്രാധാന്യം പറയുന്നത് അതുകൊണ്ടാണ്.

നല്ല ഭക്ഷണം കഴിച്ചാൽ അതുതന്നെ ഒരു മരുന്നു പോലെ പ്രവർത്തിക്കും.

ആയുർവേദമരുന്നിൽ ചേർക്കുന്ന പല വസ്തുക്കളും ഭക്ഷണത്തിന്റെ ഭാഗമാകുന്നതും വെറുതെയല്ല. സമയത്ത് കഴിക്കുക, കുളിച്ച ശേഷം കഴിക്കുക,വിശക്കുമ്പോൾ കഴിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും ഉപ്പും മുളകും തണുപ്പും ഒക്കെ നിയന്ത്രിക്കുക, അല്പമായും അമിതമായും കഴിക്കാതിരിക്കുക, അസമയത്തും ദഹനത്തെ കുറയ്ക്കുന്നതും വിരുദ്ധമായതും കഴിക്കാതിരിക്കുക, ഭക്ഷണം ശരീരത്തെ തടിപ്പിക്കുമോ അതോ മെലിയിക്കുമോ എന്ന് അന്വേഷിച്ചറിയുക തുടങ്ങി നിരവധി കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ചുരുക്കത്തിൽ,​ കാണുന്നതെന്തും കിട്ടുന്ന അളവിൽ കഴിച്ച് ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. മാത്രമല്ല,​ അത്തരക്കാർ വേഗത്തിൽ രോഗിയായി തീരുകയും ചെയ്യും.

കൃത്യനിഷ്ഠ

നേരത്തെ എഴുന്നേൽക്കുക, ഉടനെ പല്ലുതേക്കുക, കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക, ശീലിച്ച സമയത്ത് കഴിക്കുക, രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പേ ഭക്ഷണം കഴിക്കുക, ഭക്ഷണം കഴിച്ച് നേരത്തെ ഉറങ്ങാൻ കിടക്കുക, ഭക്ഷണം എളുപ്പം ദഹിക്കുന്നതായിരിക്കുക തുടങ്ങിയവ പ്രായം ചെന്നാലും പരമാവധി പാലിക്കുവാൻ ശ്രമിക്കുക. തീരെ ചെറിയ പ്രായത്തിൽ തന്നെ ഇവയൊക്കെ ശീലിക്കുന്നവർക്ക് വാർദ്ധക്യത്തിലും ആരോഗ്യത്തോടെ കഴിയാനും ശരീരബലം ലഭിക്കാനും ഇടയുള്ള ഒരു ലഘുവായ മാർഗമാണ് കൃത്യനിഷ്ഠ.

വ്യായാമം
ലഘുവ്യായാമങ്ങൾ ഒരിക്കലും വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ചും പ്രായം വർദ്ധിച്ചു വരുമ്പോൾ. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും 16 വയസ്സിനുമുമ്പ് പോലും ജീവിതശൈലീരോഗങ്ങൾ ഉള്ളവരും 80 വയസ്സിലും ഇതൊന്നും ഇല്ലാത്തവരുമുണ്ട്. വ്യായാമം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതും ശരീരത്തിനും മനസ്സിനും സുഖം നൽകുന്നതും ആയിരിക്കണം. അപ്രകാരമല്ലാത്ത വ്യായാമം ശരീരത്തെയും മനസ്സിനെയും വേഗം ക്ഷീണിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.

ഉറക്കം
ഗാഢനിദ്ര ലഭിക്കുന്നവർക്ക് ശരിയായ വിശ്രമം തലച്ചോറിനും മനസ്സിനും ലഭിക്കുന്നതിലൂടെ ക്ഷീണം മാറി വളരെ ശുഭകരമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കും. അസമയത്തും ഇടയ്ക്കിടയ്ക്കും ഉറങ്ങുന്നത് നല്ലതല്ല. ഭക്ഷണം കഴിച്ചാലുടനെയും ഉറങ്ങുവാൻ പാടില്ല.

കാലാവസ്ഥാ ചര്യ

കാലാവസ്ഥയിലെ വ്യത്യാസമനുസരിച്ച് സകല ജീവജാലങ്ങൾക്കും വ്യത്യാസമുണ്ടാകും. അതിനനുസരിച്ചുള്ള ലക്ഷണങ്ങൾ പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവജാലങ്ങളിലും പ്രകടമാണ്. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ കഴിയുന്ന ഭക്ഷണക്രമത്തിനും ശീലങ്ങൾക്കും പ്രാധാന്യം നൽകണം. അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ ചൂടു കൂട്ടുന്ന ഭക്ഷണവും ശീലങ്ങളും ആണ് വേണ്ടത്. അങ്ങനെ നമ്മൾ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് ചില മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്.
കാലാവസ്ഥയ്ക്കനുസരിച്ച് ശീലങ്ങൾ മാറ്റുന്നതിലൂടെ രോഗ കാരണങ്ങളിൽ നിന്ന് രക്ഷ നേടാനാകും.

വിലയ്ക്കുവാങ്ങാനാവില്ല ആരോഗ്യം

എപ്പോഴും ആരോഗ്യത്തോടെ കഴിയുന്നവർക്കാണ് ഏറ്റവും കൂടുതൽ ശരീരബലമുള്ളതെന്ന് പറയാം. ഇടയ്ക്കിടെ രോഗങ്ങൾ വരുന്നവർക്കും രോഗശമനത്തിനായിട്ടാണെങ്കിലും ശക്തിയേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആരോഗ്യം കുറയാം. അസുഖത്തിന് മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്നല്ല. ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും മരുന്ന് ഉപയോഗിക്കുന്ന രീതി ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും അതിശക്തമായ മരുന്നുകൾ കഴിക്കുന്നത് നല്ലതല്ല.
ഡോക്ടർ ഒരിക്കൽ നിർദ്ദേശിച്ച കുറിപ്പടി വച്ച് തുടർച്ചയായി വേദനസംഹാരികളും ആൻറിബയോട്ടിക്കുകളും അരിഷ്ടങ്ങളും വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കുറവല്ല.

എന്തിനും ഏതിനും ഭക്ഷണം കഴിക്കുന്നത് പോലെ മരുന്നു കഴിക്കുന്ന രീതി തീരെ ശരിയല്ല. സ്വയംചികിത്സിക്കാനും വാട്സ് ആപ്പ് വൈദൃത്തിന്റെ പുറകേ പോകാനും അർഹതയില്ലാത്തവരുടെ ചികിത്സാ നിർദ്ദേശങ്ങൾ അനുസരിക്കാനും തയ്യാറുള്ളവർ ഇന്ന് നിരവധിയാണ്. വിലയ്ക്കുവാങ്ങാവുന്നതല്ല ആരോഗ്യം എന്നും ദീർഘകാലത്തെ പ്രയത്നം കൊണ്ട് ലഭിക്കുന്ന ആരോഗ്യത്തെ അല്പ ലാഭത്തിനായി നശിപ്പിക്കരുതെന്നുമാണ് അത്തരക്കാരോട് പറയാനുള്ളത്.