
ആലുവ: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പണം ഹെഡ് മാറി അയച്ചതിനെ തുടർന്ന് ട്രഷറികളിൽ നിന്നും പിൻവലിക്കാനാകാതെ സ്കൂൾ അധികാരികൾ വലയുന്നു. ട്രഷറികളിൽ പണമെത്തി മൂന്ന് മാസം പിന്നിട്ടിട്ടും പിൻവലിക്കാനായില്ല.കഴിഞ്ഞ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസത്തെ ഉച്ചക്കഞ്ഞി വിതരണം ചെയ്ത തുകയാണ് സ്കൂൾ അധികൃതർക്ക് ഇതുവരെ ലഭിക്കാത്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബിൽ സമർപ്പിക്കുന്നതിന് സർക്കാർ സമയം നീട്ടി നൽകിയിരുന്നു. ഇത് ഉപയോഗപ്പെടുത്തിയ സ്കൂളുകൾക്കുള്ള പണമാണ് മറ്റൊരു ഹെഡ് ഓഫ് അക്കൗണ്ടിലൂടെ സർക്കാർ ട്രഷറികളിലേക്ക് അയച്ചത്. സാധാരണയായി ഉച്ചഭക്ഷണ പദ്ധതിയുടെ പണം ലഭിക്കുന്നതിന് എ.ഇ.ഒ മുഖേനയാണ് രേഖകൾ സമർപ്പിക്കുന്നത്. രേഖകളെല്ലാം സമർപ്പിച്ച ശേഷമാണ് അക്കൗണ്ട് മാറിയ വിവരം സ്കൂൾ അധികൃതർ അറിയുന്നത്. മൂന്ന് മാസം മുതൽ ഒരു മാസത്തെ തുക വരെയാണ് ലഭിക്കാനുള്ളത്. 30,000 രൂപ മുതൽ ലക്ഷങ്ങൾ വരെ ലഭിക്കണം. ഭൂരിഭാഗം സ്കൂളുകളിലും ഉച്ചക്കഞ്ഞി വിതരണത്തിൽ തടസമുണ്ടാകാതിരിക്കാൻ പ്രധാനദ്ധ്യാപകരാണ് മുൻകൂറായി പണം മുടക്കാറുള്ളത്. ഇവരാണ് കൂടുതൽ പ്രതിസന്ധിയിലായത്. സർക്കാർ - അർദ്ധ സർക്കാർ സ്കൂളുകളെല്ലാം ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.