
രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിലെ തെരുവ് വിളക്കുകൾ തെളിയുന്നതും അണയുന്നതും തോന്നുംപടി. പല ദിവസങ്ങളിലും രാത്രിയിൽ കണ്ണടച്ചാൽ മറ്റ് ദിവസങ്ങളിൽ പകലും കത്തിക്കൊണ്ടേയിരിക്കും. അങ്ങാടിയിലെ ഹൈ, ലോ മാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. രാമനാട്ടുകര ബസ് സ്റ്റാൻഡിനു മുന്നിൽ ദേശീയപാതയിൽ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച ഹൈ മാസ്റ്റ് ലൈറ്റ് തെളിയാത്തതോടെ ഇവിടെ ഇരുട്ടാണ്. രാത്രിയായാൽ സ്റ്റാൻഡിൽ ബസുകൾ കയറില്ല. സ്ത്രീകളടക്കമുള്ള യാത്രക്കാർ റോഡരികിലാണ് ബസ് കാത്തു നിൽക്കുക. ഇവിടെ ഹൈ മാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ടുണ്ട്.
പാലക്കാട്, തൃശൂർ ദേശീയ പാതകൾ സംഗമിക്കുന്ന രാമനാട്ടുകര ജംഗ്ഷൻ പാരഡൈസ് ഹോട്ടലിനു മുന്നിൽ എം.പി.ഫണ്ടിൽ നിർമ്മിച്ച ലോ മാസ്റ്റ് ലൈറ്റും കത്താതായിട്ട് മാസങ്ങളായി. മാസങ്ങൾക്ക് മുൻപ് ഇവ രണ്ടും കത്താത്തത് വാർത്തയായതോടെ കുറച്ചു ദിവസം ഇവ കത്തിച്ചിരുന്നു. അങ്ങാടിയിൽ പടിഞ്ഞാറ് ഭാഗത്തുള്ള സ്ട്രീറ്റ് ലൈറ്റുകൾ പലതും പണിമുടക്കിലാണ്. ഫാറൂഖ് കോളേജ് റോഡ്, പാറമ്മൽ റോഡ്, എൽ.ഐ.സി റോഡ് തുടങ്ങിയ റോഡുകളിലെ വിളക്കുകൾ പല ദിവസങ്ങളിലും കത്താറില്ല. ദേശീയ പാതയിൽ യൂണിവേഴ്സിറ്റി റോഡിൽ മാത്രമാണ് വിളക്കുകൾ ശരിയാം വണ്ണം പലപ്പോഴും കത്തുന്നത്. ഫാറൂഖ് കോളേജ് ജംഗ്ഷനിലെ ലോ മാസ്റ്റ് ലൈറ്റ് ചില ദിവസങ്ങളിൽ പണിമുടക്കും. രാമനാട്ടുകര മേൽപ്പാലത്തിലേയും സർവീസ് റോഡിലേയും ലൈറ്റുകളും ഇടക്ക് മിഴി ചിമ്മാറുണ്ട്.