
തലശ്ശേരി: തച്ചോളി ഒതേനനും കതിരൂർ ഗുരുക്കളും അങ്കം വെട്ടി മരിച്ച പൊന്ന്യം വയലേലകളിൽ വീരനായകരുടെ രണഗാഥകൾ പാടി പെണ്ണുങ്ങൾ ഞാറ് നടുകയും കൊയ്ത്ത് നടത്തുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. പുതുതലമുറ പാടങ്ങളിൽ നിന്നും അകന്നപ്പോഴും, പൊന്ന്യം ചുണ്ടങ്ങാപ്പൊയിൽ വയലേലകളിൽ പാരമ്പര്യ കൃഷിരീതി അതിന്റെ പ്രൗഢിയോടെ നിലനിന്നു. കൊവിഡ്കാലം പുതിയ പാഠങ്ങൾ പലതും പഠിപ്പിച്ചതോടെ ചുണ്ടങ്ങാപ്പൊയിലിലെ അഞ്ച് ഹെക്ടറിലെ പാടത്ത് വിളഞ്ഞു നിൽക്കുന്ന നെല്ലിന്റെ വിളവെടുപ്പിൽ പങ്കുചേരുകയാണ് മയ്യഴിയിൽ അദ്ധ്യാപികയായി വിരമിച്ച സി.സി. സുഷ ടീച്ചറും മക്കളായ ഹർഷയും, വർഷയും.
സഹോദരിമാരായ ഹർഷ പ്രചോദ് മൈക്രോബയോളജി ബിരുദധാരിയും വർഷ പ്രജേഷ് ബയോടെക്‌നോളജി ബിരുദാന്തര ബിരുദധാരിയുമാണ്. അമ്മയോടൊപ്പം പാചക കലയിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇതിനകം ശ്രദ്ധേയരാണ് ഇരുവരും. പാചകത്തിന്റെ അന്തർധാരയുടെ അന്വേഷണത്തിന്റെ ഭാഗം കൂടിയാണ് ഇവരുടെ കൊയ്ത്തിലെ പങ്കാളിത്തം. പാചകത്തിന്റെ ഉറവിടമായ കാർഷിക വിഭവങ്ങളുടെ പിന്നിലുള്ള തൊഴിലാളികളെ അടുത്തറിഞ്ഞ്, അദ്ധ്വാനം അനുഭവിച്ചറിഞ്ഞ്, മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തെ സമൂഹ മനസിൽ എത്തിക്കാൻ കൂടിയാണ്. സാധാരണ മനുഷ്യന് ഉൾകൊള്ളാൻ കഴിയുന്ന വിഭവങ്ങളുടെ രസതന്ത്രമാണ് നവ മാദ്ധ്യമങ്ങളിലൂടെ വിനിമയം ചെയ്യുന്ന രസക്കൂട്ടുകളിലേറെയും. കേരളീയ രുചിഭേദങ്ങളെ ഹർഷ ബഹ്‌റൈനിൽ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് പരിചയപ്പെടുത്തുമ്പോൾ വർഷ നൈജീരിയയിൽ നമ്മുടെ ഭക്ഷ്യ വിഭവങ്ങളെയും അവതരിപ്പിക്കുന്നു.