
കോഴിക്കോട്: ഡി.എൽ.എഡ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസങ്ങളായിട്ടും ഭാഷാദ്ധ്യാപകരില്ലാതെ വലയുകയാണ് നടക്കാവ് ഗവ. ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്. പ്രമോഷന്റെ ഭാഗമായി 4 മാസം മുൻപാണ് അറബിക്, ഉറുദു വിഭാഗങ്ങളിലെ അദ്ധ്യാപകർ സ്ഥലം മാറിപ്പോയത് . ഡി.എൽ.എഡ് ഭാഷാദ്ധ്യാപക വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കാൻ അദ്ധ്യാപകരില്ലാത്ത അവസ്ഥയാണ്. ഇവർക്ക് പകരം അദ്ധ്യാപകരെ നിയമിക്കാൻ അധികാരികൾ തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഈ സാഹചര്യത്തിലും ഈ അദ്ധ്യായന വർഷത്തെ അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും രണ്ട് വിഷയങ്ങൾ എടുക്കാൻ അദ്ധ്യാപകരില്ല. അതിനാൽ രണ്ട് വർഷത്തെ അദ്ധ്യാപക പരിശീലനം കോഴ്സ് നീണ്ടു പോകുമെന്ന് ആശങ്കയിലാണ് 70ഓളം വിദ്യാർത്ഥികൾ. അറബിയ്ക്ക് വിഭാഗത്തിൽ 50 പേരും ഉർദു വിഭാഗത്തിൽ 20 പേരുമാണ് ഇവിടെ പഠിക്കുന്നത്.
ഒന്നാം സെമസ്റ്ററിന്റെ അവസാനത്തിലാണ് അദ്ധ്യാപകർ സ്ഥലമാറിപ്പോയത്. എന്നാൽ രണ്ടാം സെമസ്റ്റർ തുടങ്ങി നാളിതുവരെയായിട്ടും നിയമനം നടത്തിയിട്ടില്ല. മറ്റുള്ള എല്ലാ ട്രെയിനിംഗ് സെന്ററുകളിലും കൃത്യമായി ക്ലാസുകൾ നടക്കുമ്പോഴാണ് തങ്ങളോടുള്ള ഈ അവഗണനയെന്നും നിയമനം സംബന്ധിച്ച് പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. കോഴ്സിന്റെ തുടക്കത്തിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 2019 ഓഗസ്റ്റിൽ തുടങ്ങേണ്ടിയിരുന്ന കോഴ്സ് മൂന്നുമാസം വൈകീട്ടാണ് ആരംഭിച്ചത്. ഇനിയും അദ്ധ്യാപകരെ നിയമിച്ചില്ലെങ്കിൽ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവും.
'നിയമനം സംബന്ധിച്ച് കോളേജ് മുഖാന്തിരവും പി.ടി.എ വഴിയും വിദ്യാർത്ഥികൾ നേരിട്ടും ഡി.ഡി.ഇ ഓഫീസിൽ പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.'
വിദ്യാർത്ഥി