
പൂവാർ: നാട്ടിൻപുറങ്ങളിലെ വൈകുന്നേരങ്ങളെ സജീവമാക്കിയരുന്ന റേഡിയോ പാർക്കുകൾ ഇന്ന് ഗതകാല സ്മരണയുടെ ഓർമ്മകളിൽ നോക്കുകുത്തികളാകുന്നു. ഒരു കാലത്ത് ഗ്രാമീണ ജനതയുടെ വൈജ്ഞാനിക, സാംസ്കാരിക കേന്ദ്രമായിരുന്നു റേഡിയോ പാർക്കുകൾ. സായന്തനങ്ങളിൽ നിരവധിപേരാണ് വാർത്തകളും മറ്ര് പരിപാടികളും ആസ്വദിക്കാൻ ഇവയ്ക്ക് മുന്നിൽ ഒത്തുചേർന്നിരുന്നത്. ബസ് സ്റ്റോപ്പുകൾ, മൂന്നുമുക്ക് കവലകൾ, ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം ഇത്തരം പാർക്കുകൾ സജീവമായിരുന്നു. ഉയർന്ന വിലയ്ക്ക് റേഡിയോ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷിയില്ലാത്ത സാധാരണക്കാരന്റെ ഏക വിനോദവും ഇവയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളായിരുന്നു. റേഡിയോ എല്ലാ വീടുകളിലും സ്ഥാനംപിടിച്ച് തുടങ്ങിയതോടെയാണ് പാർക്കുകളുടെ ശനിദശ ആരംഭിച്ചത്. പിൽക്കാലത്ത് റേഡിയോ പാർക്കുകളെല്ലാം ടിവി പാർക്കുകളായി മാറി. ടിവിയും എല്ലാവീടുകളിലെയും സ്വീകരണമുറികളിൽ എത്തിയതോടെ ടിവി പാർക്കുകൾക്കും താഴുവീണു. തുറക്കാതെയായ കെട്ടിടങ്ങൾ പലതും കാട്ടുവള്ളികൾ പടർന്ന് ഉപയോശൂന്യമായി. പലകെട്ടിടങ്ങളും തകർന്ന് വീഴുകയും ചെയ്തു. ബാക്കിയുള്ള കെട്ടിടങ്ങളിൽ സാമൂഹ്യവിരുദ്ധരും ഇഴജന്തുക്കളും താവളമുറപ്പിച്ചു. ഇന്നും റേഡിയോ പ്രക്ഷേപണത്തെയും റേഡിയോ പാർക്കുകൾക്ക് മുന്നിലെ കൂട്ടായ്മകളെയും സ്നേഹിക്കുന്ന നിരവധിപേർ നാട്ടിൻപുറങ്ങളിലുണ്ട്. പാർക്കുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് പ്രവർത്തനം പുനരാരംഭിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
റേഡിയോ ചരിതം
1927 ലാണ് ഇന്ത്യയിൽ റേഡിയോ നിലയം പ്രവർത്തനമാരംഭിച്ചത്. 1930 മുതൽ മദ്രാസ് മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ റേഡിയോ സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങി. ഇതിനെ ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്ത് മദ്രാസ് നിലയമാക്കി മാറ്റുകയായിരുന്നു.1938 മുതൽ മദ്രാസിൽ നിന്ന് ആൾ ഇന്ത്യാ റേഡിയോയുടെ പ്രക്ഷേപണം ആരംഭിച്ചു. 1943-ലാണ് തിരുവനന്തപുരത്ത് റേഡിയോ സ്റ്റേഷൻ നിലവിൽ വന്നത്. 1950-ൽ കോഴിക്കോട്, തൃശൂർ നിലയങ്ങളും പ്രവർത്തനം ആരംഭിച്ചു.
ഒരു കാലത്ത് ഗ്രാമങ്ങളിലെ സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു റേഡിയോ പാർക്കുകൾ. അവ നവീകരിച്ച് ആധുനിക കാലഘട്ടത്തിന് അനുസൃതമായി പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം
ഷൈജു അലക്സ്, സാഹിത്യകാരൻ