
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതിനെതിരെ സി.പി.ഐ മുഖപത്രം. ഒരു നിയമ നിർമ്മാണവും നിലവിലെ അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ, ജനാധിപത്യ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ എന്നിവയെ ഹനിക്കുന്നതോ പരിമിതപ്പെടുത്തുന്നതോ ആയിക്കൂടെന്നും അവധാനപൂർവം വിപുലവും ക്രിയാത്മകവും ജനാധിപത്യപരവുമായ ചർച്ചകളിലൂടെ വേണം അത്തരം നിയമങ്ങൾ ഉരുത്തിരിയാനെന്നും 'പൊലീസ് നിയമ ഭേദഗതി: ആശങ്കകൾ അവഗണിച്ചുകൂടാ' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിൽ ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗമാണ് നിയമഭേദഗതിക്ക് തീരുമാനമെടുത്തത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. മാദ്ധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ് നിയമഭേദഗതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. എന്നാൽ, പൗരന്മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് നിയമഭേദഗതിയെന്നാണ് നിയമമന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയത്.
കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരിലേറെയും സ്ത്രീകളാണെന്നിരിക്കെ, അത് ഫലപ്രദമായി തടയാനും പരാതികളിൽ സത്വരവും കാര്യക്ഷമവുമായ നടപടിയെടുക്കാനും നിയമഭേദഗതി സ്വാഗതാർഹമാണെന്ന് സൂചിപ്പിച്ചശേഷമാണ്, മുഖപത്രം ആശങ്കകൾ ചൂണ്ടിക്കാട്ടുന്നത്.
അതിങ്ങനെ തുടരുന്നു:
നീതിപീഠം കേസ് പരിശോധിച്ച് കുറ്റം നിർണയിക്കുന്ന രീതിക്ക് പകരം അതിനുള്ള വിവേചനാധികാരം പൊലീസിൽ നിക്ഷിപ്തമാക്കുന്നത് നിയമവാഴ്ചാ സംവിധാനത്തിലും നീതിനിർവഹണത്തിലും അപകടകരമായ വഴിത്തിരിവായി മാറിയേക്കുമെന്ന ആശങ്ക ശക്തമാണ്. പൊലീസ് സേനയുടെ കഴിഞ്ഞകാല ചരിത്രം അത്തരം ആശങ്കകൾ അസ്ഥാനത്തല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
നിലവിലെ ശിക്ഷാനിയമത്തിൽ തന്നെ അത്തരം കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ വ്യവസ്ഥയുണ്ടെന്നും അതിന് പൊലീസ് ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കേരള ഹൈക്കോടതിയുടെ മേയ് മാസത്തെ വിധിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏത് നിയമവും കാര്യക്ഷമമായി നടപ്പാക്കണമെങ്കിൽ നിർവഹണ ഏജൻസി അതിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് സത്യസന്ധമായി പ്രാവർത്തികമാക്കാൻ തയ്യാറായാലേ കഴിയൂ.