photo

ചിറയിൻകീഴ്: മലയാള സിനിമയിലെ നിത്യഹരിത നായകനായ പ്രേംനസീർ പൊതുജീവിതത്തിലും സ്ക്രീനിലും സ്വാഭാവ മഹിമയും ആദർശ ധീരതയും ഒരേപോലെ നില നിറുത്തിയ വ്യക്തിത്വമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാർക്കര പറമ്പിന് സമീപം നിർമ്മിക്കുന്ന പത്മഭൂഷൺ പ്രേംനസീർ സ്‌മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രേംനസീർ സ്‌മാരകം യാഥാർത്ഥ്യമാകാൻ വൈകിയെന്നും ഇപ്പോൾ തിരുത്താൻ കഴിഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി മുഖ്യപ്രഭാഷണം നടത്തി. മമ്മൂട്ടി, മോഹൻലാൽ, മധു, ഷീല, ശ്രീകുമാരൻ തമ്പി, പി. ജയചന്ദ്രൻ, വിധുബാല, ബാലചന്ദ്രമേനോൻ, ജയറാം, ഷാനവാസ്, സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി എന്നിവർ ഓൺലൈനായി ആശംസ സന്ദേശം നടത്തി. മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന, ജില്ല പഞ്ചായത്തംഗം ആർ. ശ്രീകണ്ഠൻ നായർ, പഞ്ചായത്തംഗം ബേബി, നസീറിന്റെ സഹോദരി അനീസാബീബി, പ്രേംനസീർ അനുസ്‌മരണ കമ്മിറ്റി ജനറൽ കൺവീനർ എസ്.വി. അനിലാൽ എന്നിവർ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ സ്വാഗതവും ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ നന്ദിയും പറഞ്ഞു.