cbi

സി.ബി.ഐക്ക് ഏതു കേസിലും അന്വേഷണം നടത്താനുള്ള പൊതു അനുമതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണ്. ഏറെ വിവാദമുയർത്തുന്ന ഇത്തരത്തിലൊരു ആലോചന ഇതിനകം പൊതുമണ്ഡലങ്ങളിൽ ചൂടേറിയ സംവാദങ്ങൾക്കു വഴിതുറന്നുകഴിഞ്ഞു. സി.ബി.ഐക്ക് കടിഞ്ഞാണിടാനുള്ള നീക്കത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധിയാണ് ഏറെ ചർച്ചചെയ്യപ്പെടുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ സി.ബി.ഐയെ രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് എൽ.ഡി.എഫിനു നേതൃത്വം നൽകുന്ന സി.പി.എമ്മും രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയും കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ പടവാളുയർത്തി നിൽക്കുന്നത്. സി.ബി.ഐയ്ക്കു തടയിടാനുള്ള സുപ്രധാന തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വരുമെന്നാണു കേൾക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സി.ബി.ഐയെ വിട്ട് കേന്ദ്ര സർക്കാർ കുഴപ്പമുണ്ടാക്കുന്നു എന്ന ആരോപണം സ്ഥാപിച്ചെടുക്കാൻ ഇവിടത്തെ ഭരണകക്ഷികൾ ആശ്രയിക്കുന്നത് സമീപകാലത്ത് കത്തിപ്പടർന്ന ലൈഫ് മിഷൻ വിവാദമാണ്. പാവപ്പെട്ട ഭവനരഹിതർക്കു വേണ്ടി വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണക്കരാറിന് പിന്നിൽ അരങ്ങേറിയ ഭീമൻ അഴിമതി ഇതിനകം നാട്ടിൽ പാട്ടായതാണ്. സംസ്ഥാനത്തോട് ആലോചിക്കാതെ തന്നെ സി.ബി.ഐ ഈ അഴിമതി ഇടപാടിനെക്കുറിച്ചന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിലാണ് അമർഷം മുഴുവൻ. ഈ വിവാദ സംഭവത്തിൽ പ്രതിരോധത്തിലായ സർക്കാരിന് സ്വാഭാവികമായും കേന്ദ്ര ഏജൻസിയുടെ ഇടപെടൽ സൃഷ്ടിച്ചേക്കാവുന്ന ദുർഘടങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല.

സാധാരണഗതിയിൽ കോടതിയുടെയോ സർക്കാരിന്റെയോ ആവശ്യപ്രകാരം മാത്രമേ സി.ബി.ഐ ഏതെങ്കിലും കേസിന്റെ അന്വേഷണം ഏറ്റെടുക്കാറുള്ളൂ. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാലും ഏറ്റെടുക്കാത്ത കേസുകളും ഉണ്ടാകാറുണ്ട്. അതിനു മതിയായ കാരണങ്ങളും കാണും. എന്നിരുന്നാലും കോളിളക്കമുള്ള കേസുകളുണ്ടാകുമ്പോൾ പൊതുസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഈ കേന്ദ്ര ഏജൻസിയെത്തന്നെയാണെന്നത് വിസ്മരിച്ചുകൂടാ. ഇനിമേൽ സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ മാത്രം അന്വേഷിച്ചാൽ മതിയെന്ന നിലപാടിലേക്കു സർക്കാരിനെ നയിക്കുന്നതും രാഷ്ട്രീയ കാരണങ്ങളാണെന്ന വസ്തുത മറച്ചുവച്ചിട്ടു കാര്യമില്ല. സി.ബി.ഐ മാത്രമല്ല സംസ്ഥാനത്തിനു കീഴിലുള്ള പൊലീസ് അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ രാഷ്ട്രീയമില്ലെന്നു നെഞ്ചിൽ കൈവച്ചു പറയാൻ ആർക്കെങ്കിലുമാകുമോ? മാദ്ധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്ന ഒട്ടേറെ ഭീമൻ അഴിമതി സംഭവങ്ങളുടെ അന്വേഷണം ഏതേതു ദിശകളിലൂടെ നീങ്ങുന്നതെന്നത് ജനങ്ങളും കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. ഏതു സർക്കാരിന്റെയും കാലത്ത് അന്വേഷണ ഏജൻസികളുടെ മേൽ ഭരണത്തിലിരിക്കുന്നവരുടെ സ്വാധീനം കാണും. രാഷ്ട്രീയ താത്‌പര്യങ്ങൾ മാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിതവുമാകും. അതിനു വിസമ്മതിക്കുന്നവരുടെ സ്ഥാനം എവിടെയായിരിക്കുമെന്നതിനു നിരവധി ഉദാഹരണങ്ങളും ജനങ്ങളുടെ മുമ്പിലുണ്ട്.

ഭരണത്തിന്റെ അവസാന നാളുകളിൽ കഴിവതും വിവാദ തീരുമാനങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുകയെന്നതാണ് പൊതുവേ കണ്ടുവരുന്ന രീതി. അതിനു വിരുദ്ധമായി ഒന്നിനു പിറകെ ഒന്നായി വിവാദ തീരുമാനങ്ങളെടുത്ത് രാഷ്ട്രീയാന്തരീക്ഷം കലുഷമാക്കുന്നത് ആവശ്യമില്ലാത്ത കാര്യമാണെന്നു പറയാതിരിക്കാനാവില്ല. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങൾ ഇതിനകം സി.ബി.ഐയെ പടിക്കു പുറത്തുനിറുത്താൻ തീരുമാനമെടുത്തതാണ് കേരളത്തെയും ആ വഴി പിന്തുടരാൻ പ്രേരിപ്പിച്ചതെന്ന് വിശദീകരണം കണ്ടു. എന്നാൽ ആ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കു കൂടി കണ്ണോടിക്കേണ്ടതുണ്ട്. ഭൂമിയെ പിളർക്കുന്ന തരത്തിലുള്ള വമ്പൻ അഴിമതികളുൾപ്പെടെ എല്ലാത്തരം തിന്മകളുടെയും വിളനിലങ്ങളായ അവിടങ്ങളിലെ പ്രബലന്മാർക്ക് നിയമ സംരക്ഷണമൊരുക്കേണ്ടത് ആവശ്യമായിരിക്കാം. അത്തരമൊരു സാഹചര്യം എന്തായാലും ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല. അപ്പോൾ സി.ബി.ഐയെ പടിക്കു പുറത്തു നിറുത്തിയേ തീരൂ എന്ന വാശിക്കു പിന്നിൽ അനഭിലഷണീയമായതൊക്കെ ഇവിടെയും ഉണ്ടെന്ന ധാരണയല്ലേ ജനമനസുകളിൽ സൃഷ്ടിക്കുന്നത്. മടിയിൽ കനമില്ലാത്തവൻ വഴിയിൽ ഭയക്കുന്നതെന്തിന് എന്ന പഴമൊഴി ഓർക്കുക.

ജനശ്രദ്ധയാകർഷിക്കുന്ന വിവാദ കേസുകളുണ്ടാകുമ്പോൾ അന്വേഷണത്തിനു സി.ബി.ഐ വരട്ടെ എന്നതായിരുന്നു അടുത്തകാലം വരെ രാജ്യത്തു നിലനിന്ന പൊതു ആവശ്യം. ഇടക്കാലത്ത് രാഷ്ട്രീയ കാരണങ്ങളാൽ സി.ബി.ഐയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും അതിൽ മാറ്റമുണ്ടായിട്ടില്ല. സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ തെളിയാനിടയില്ലെന്നു സംശയിക്കുന്ന കേസുകളുടെ സത്യാവസ്ഥ കണ്ടെത്താൻ സി.ബി.ഐ തന്നെ വേണം. അന്വേഷണം നിഷ്‌പക്ഷവും നീതിപൂർവകവുമായി നടന്നാൽ തീർച്ചയായും ഈ കേന്ദ്ര ഏജൻസി കുറ്റവാളികളെ കണ്ടെത്തി നീതിപീഠത്തിനു മുമ്പിൽ കൊണ്ടുചെന്നു നിറുത്തുമെന്ന് പൊതുവേ വിശ്വാസമുണ്ട്. ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ളിഷ്‌മെന്റ് ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട സി.ബി.ഐക്ക് ഏതു സംസ്ഥാനത്തും സ്വമേധയാ കേസ് അന്വേഷിക്കാമെന്ന നിലയായിരുന്നു പൊതുവേ ഉണ്ടായിരുന്നത്. ഇതിനാവശ്യമായ പൊതു അനുമതിയും സംസ്ഥാനങ്ങൾ നൽകിയിരുന്നു. എന്നാൽ കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടാവുകയും അന്വേഷണങ്ങളിൽ ചിലതിന് രാഷ്ട്രീയ നിറം കൈവരാൻ തുടങ്ങുകയും ചെയ്തതോടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സി.ബി.ഐയോട് മുഖം തിരിഞ്ഞു നിൽക്കാനുള്ള പ്രവണത ശക്തിപ്രാപിച്ചുവരികയാണ്. ഉന്നത തലങ്ങളിലെ അഴിമതികളും വമ്പന്മാർ ഉൾപ്പെട്ട ക്രിമിനൽ കേസുകളും വർദ്ധിക്കാൻ തുടങ്ങിയതും സർക്കാരുകൾക്കു വലിയ തലവേദനയാകുന്നുണ്ട്.

സി.ബി.ഐക്ക് ഏറെ സ്വീകാര്യത ലഭിച്ചിരുന്ന നാടാണു കേരളം. രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ ഫലമുണ്ടാവുകയില്ലെന്നു കരുതുന്ന കേസുകൾ സി.ബി.ഐയെ ഏല്പിക്കണമെന്ന ആവശ്യത്തിന് ഇപ്പോഴും കുറവൊന്നുമുണ്ടായിട്ടില്ല. രാഷ്ട്രീയ വേർതിരിവുകൾ മാറ്റിവച്ചുകൊണ്ടുതന്നെ ഭരണ - പ്രതിപക്ഷങ്ങൾ പല കേസുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാറുമുണ്ട്. സംസ്ഥാന സർക്കാർ അനുമതി നൽകിയില്ലെങ്കിലും ഉന്നത നീതിപീഠങ്ങളുടെ ഇടപെടലുണ്ടായാൽ അനുമതി നൽകിയേ തീരൂ എന്ന യാഥാർത്ഥ്യം മറക്കരുത്. പല കേസുകളിലും അത്തരത്തിലാണല്ലോ കാര്യങ്ങൾ ചെന്നെത്തുന്നത്. യഥാർത്ഥത്തിൽ പടിക്കു പുറത്തു നിറുത്തേണ്ടത് സി.ബി.ഐയെ അല്ല. നിയമത്തിനും നീതിക്കും നിരക്കാത്ത പ്രവൃത്തികളെയാണ്.