
ആന്ധ്രയിലും മൈസൂരിലുമായി 250 ഏക്കർ കഞ്ചാവ് കൃഷി
തിരുവനന്തപുരം: ആറ്റിങ്ങലിൽ 20 കോടി വിലയുള്ള അഞ്ഞൂറ് കിലോ കഞ്ചാവ് കടത്തിയ കേസിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റു ചെയ്ത മന്ദീപ് സിംഗ് എന്ന രാജൂഭയ്യ കഞ്ചാവ് കടത്തിന്റെ മുഖ്യസൂത്രധാരൻ. സിനിമാക്കഥകളെ വെല്ലുന്നതാണ് ഇയാളുടെ കഞ്ചാവ് കടത്ത്. പഞ്ചാബ് സ്വദേശിയായ ഇയാളുടെ പ്രധാന പ്രവർത്തനമേഖല ആന്ധ്രയും മൈസൂരുമാണെന്ന് എക്സൈസ് പറയുന്നു. എം.എസ്. വൈ ട്രാൻസ്പോർട്ട് എന്ന വ്യാജപേരിലുള്ള 13 കണ്ടെയ്‌നർ ലോറിയുടമയാണ് ഇയാൾ. ആന്ധ്രയിലും മൈസൂരിലും കേരളത്തിലുമായി അവശ്യസാധനങ്ങൾ എത്തിക്കുന്നതിനാണ് ലോറികൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ലോറികളിൽ വൻതോതിൽ കഞ്ചാവ് കടത്താനുള്ള സാഹചര്യം മനസിലാക്കിയാണ് മന്ദീപ് സിംഗ് 13 ലോറികൾ സ്വന്തമാക്കിയത്. ഉപയോഗിച്ച ലോറികൾ കുറഞ്ഞ വിലയ്ക്ക് ഡീലർമാരിൽ നിന്ന് വാങ്ങി മോടി പിടിപ്പിക്കും. ആർക്കും കണ്ടുപിടിക്കാൻ സാധിക്കാത്ത നിലയിൽ അടിവശത്ത് വിശാലമായ അറ നിർമ്മിച്ച് അതിനുള്ളിലാണ് കഞ്ചാവ് കടത്തുന്നത്. പഞ്ചാബിൽ ജനിച്ച രാജൂഭായ് ജോലി തേടിയാണ് ആന്ധ്രയിലെത്തിയത്. 11 വർഷം മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് വിവാഹം കഴിച്ച രാജൂഭയ്യയ്ക്ക് 2 മക്കളുമുണ്ട്. തുടർന്ന് അവിടത്തെ ലഹരിമാഫിയയുമായി ബന്ധം സ്ഥാപിക്കുകയും അവരുമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. അതിൽ പണമുണ്ടാക്കി തുടങ്ങിയപ്പോഴാണ് സ്വന്തമായി കഞ്ചാവ് ബിസിനസ് ആരംഭിച്ചത്. ആന്ധ്രയിലും മൈസൂരിലുമായി ആദ്യകാലങ്ങളിൽ തുടങ്ങിയ കഞ്ചാവ് ബിസിനസ് കേരളത്തിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കേരളത്തിൽ രാജൂഭയ്യയുടെ പ്രധാന കണ്ണിയായിരുന്നു വടകര സ്വദേശി ജിതിൻരാജ്. ഇയാൾ വഴിയാണ് രാജൂഭയ്യ പ്രധാന പ്രതികളായ ജയചന്ദ്രന് കഞ്ചാവ് എത്തിച്ച് നൽകുന്നത്. ജയചന്ദ്രന്റെ ജോലി ഇത് സുരക്ഷിതമായി ഒളിപ്പിക്കുക എന്നതാണ്. രാജൂഭയ്യയുടെ വലംകൈയായ ഹൈദരാബാദ് സ്വദേശി അബ്ദുള്ള ഇപ്പോഴും ഒളിവിലാണ്. ആന്ധ്രയിലും മൈസൂരിലുമായി 250 ഏക്കറിൽ കഞ്ചാവ് കൃഷിയുണ്ട് മന്ദീപ് സിംഗിന്. രാജമുണ്ട്രി, നെർസിപ്പട്ടണം, അനക്കപ്പള്ളി എന്നീ സ്ഥലങ്ങളിലെ ആദിവാസി ഊരുകളിലാണ് കൂടുതലുമായി മന്ദീപ് സിംഗ് കഞ്ചാവ് കൃഷി ചെയ്യുന്നത്. നക്‌സലേറ്റുകളും ഗുണ്ടാ പശ്ചാത്തലവുമുള്ള സ്ഥലമായതിനാൽ പൊലീസ് അങ്ങോട്ട് കയറില്ല. മന്ദീപ് സിംഗിന്റെ കൂട്ടുപ്രതി ജിതിൻ രാജിന്റെ നേതൃത്വത്തിൽ ആന്ധ്രയിൽ കഞ്ചാവ് കൃഷിക്കായി ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ നിന്നും മലയാളികളെയും എത്തിച്ചിട്ടുണ്ട്. 70ഓളം മലയാളികൾ ആന്ധ്രയിലും മൈസുരിലും മന്ദീപ് സിംഗിന്റെ കഞ്ചാവ് തോട്ടത്തിലുണ്ടെന്നാണ് അറിവ്. പഞ്ചാബിൽ വലിയ വീടും ആവശ്യത്തിനുള്ള സ്ഥലവും മന്ദീപ് സിംഗിനുണ്ടെന്നാണ് മൈസൂർ പൊലീസ് നൽകുന്ന വിവരം. മൈസൂർ പൊലീസ് സ്റ്റേഷനിൽ ചെറിയ നാലഞ്ച് കേസുകൾ മാത്രമാണ് ഇപ്പോൾ ഇവരുടെ പേരിലുള്ളത്. മന്ദീപ് സിംഗ് ഉൾപ്പെടെയുള്ള ചില പ്രതികൾ ഇപ്പോൾ മൈസൂർ സെൻട്രൽ ജയിലിലും മൂന്ന് പേർ തിരുവനന്തപുരത്തെ ജയിലിലുമാണ്. മൈസൂരിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മന്ദീപ് സിംഗിനെയും മറ്റു പ്രതികളെയും തിരുവനന്തപുരത്ത് എത്തിക്കുമെന്നും അധികൃതർ പറഞ്ഞു.