election

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം ഈ മാസം 31നകം പൂർത്തിയാക്കി മുന്നേറാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വങ്ങൾ. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ പലേടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിലേക്ക് കടക്കുന്ന തിരക്കിലാണ്.

നവംബർ അഞ്ചോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കിയേക്കും. ഡിസംബർ പത്തിന് ശേഷമുള്ള ഏത് തീയതിയിലും തിരഞ്ഞെടുപ്പ് നടന്നേക്കാം.

2015 തിരഞ്ഞെടുപ്പ് വേളയിൽ നിന്ന് വളരെ വ്യത്യസ്തമാണ് മുന്നണി കൂട്ടുകെട്ടുകൾ. ഇടതുമുന്നണിയിൽ ലോക് താന്ത്രിക് ജനതാദളും കേരള കോൺഗ്രസ്-എം ജോസ് വിഭാഗവും പുതുതായെത്തി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എത്തിയ ജനാധിപത്യ കേരള കോൺഗ്രസുമുണ്ട്. ഇവർക്കായി സീറ്റുകൾ പങ്കിടുമ്പോൾ സി.പി.എമ്മും സി.പി.ഐയുമടക്കമുള്ള കക്ഷികൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. പുതിയ കക്ഷികളെ പരമാവധി ഉൾക്കൊള്ളിച്ച് സീറ്റ് ചർച്ച നടത്തണമെന്ന് സി.പി.എം കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഓൺലൈനിൽ കുടുംബയോഗങ്ങളും മറ്റ് പ്രചാരണപരിപാടികളും സി.പി.എം തുടങ്ങിക്കഴിഞ്ഞു.

ലോക് താന്ത്രിക് ദളും ജോസ് കെ.മാണി വിഭാഗവുമില്ലാത്ത യു.ഡി. എഫിൽ അവർ മത്സരിച്ചിരുന്ന സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത് കോൺഗ്രസിന് ആശ്വാസമാണ്. ഘടകകക്ഷികൾ അതിൽ പങ്ക് ചോദിച്ചിട്ടുണ്ട്. 31നകം ധാരണയിലെത്താനും നവംബർ നാല് മുതൽ പത്ത് വരെ ജില്ലാ നേതൃയോഗങ്ങൾ നടത്തി പ്രചാരണത്തിലേക്ക് കടക്കാനുമാണ് പദ്ധതി.

വിജ്ഞാപനമിറങ്ങിയാലുടൻ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. പുതിയ അവകാശവാദമില്ലാതെ, അനൗദ്യോഗികമായി ഉറപ്പ് ലഭിച്ച സ്ഥാനാർത്ഥികൾ നാട്ടിലിറങ്ങി സൗഹൃദം പുതുക്കിത്തുടങ്ങി.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം രൂപീകൃതമായ ബി.ഡി.ജെ.എസിന് കാര്യമായ പ്രാതിനിദ്ധ്യം ഉറപ്പാക്കിയാകും എൻ.ഡി.എയിൽ ബി.ജെ.പി സീറ്റ് വിഭജനം നടത്തുക. ചർച്ചകൾ പുരോഗമിക്കുന്നു. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളെ കളത്തിലിറക്കിയുള്ള പ്രചാരണത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെന്നു മാത്രം.