
കിളിമാനൂർ: സംസ്ഥാനത്തിന്റെ കായിക മാമാങ്കത്തിന് സ്വർണ കുതിപ്പേകാൻ തക്ക കായിക ശേഷിയുള്ള നിരവധി യുവാക്കളും യുവജന പങ്കാളിത്തവും ഉള്ളപ്പോഴും സ്വന്തമായി ഒരു സ്റ്റേഡിയം ഇല്ല എന്ന പോരായ്മ വെള്ളല്ലൂരിന്റെ കായിക സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുന്നു.
എന്നാൽ ഈ പോരായ്മകൾക്കൊന്നും തങ്ങളുടെ കായിക ശേഷിയെ ഒരിഞ്ചുപോലും പിറകോട്ടടിക്കാൻ അനുവദിക്കാത്ത വിധം യുവാക്കളുടെ കായിക ക്ഷമത ഈ മണ്ണിൽ മാറ്റുരയ്ക്കപ്പെടുന്നു എന്നതിന്റെ സ്വർണത്തിൽ ചാലിച്ചെഴുതിയ തെളിവുകൾ അനവധി.
കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നാട്ടിലെ കുട്ടികൾക്കും, ചെറുപ്പക്കാർക്കും കായിക ശേഷി വർദ്ധിപ്പിക്കാനും അവരുടെ സർഗശേഷിയെ പരിപോഷിപ്പിക്കാനും ഒരു സ്റ്റേഡിയം അത്യന്താപേക്ഷിതമായ ഘടകമാണ്.
പി.എസ്.സി നടത്തുന്ന യൂണിഫോം തസ്തികകൾ, കേന്ദ്രത്തിലെ വിവിധ സേനകളിലേക്കുള്ള തസ്തികകൾ, ആർമി റിക്രൂട്ട് മെന്റ് ഇവയിലെല്ലാം തന്നെ കായികക്ഷമത പരീക്ഷ നിർബന്ധമായ ഒന്നാണ്. എഴുത്തുപരീക്ഷ ജയിച്ചിട്ടും കായിക ക്ഷമതയിൽ തോൽക്കുന്നതുകാരണം ജോലി ലഭിക്കാത്ത നിരവധി ചെറുപ്പക്കാർ വെള്ളല്ലൂരിലുണ്ട്. പരീക്ഷകൾ വരുമ്പോൾ കായിക പരിശീലനത്തിനായി നാട്ടിലെ ഉദ്യോഗാർത്ഥികൾ കിലോമീറ്ററുകൾക്കപ്പുറമുള്ള ആറ്റിങ്ങൽ, കിളിമാനൂർ ഗ്രൗണ്ടുകളെയാണ് ആശ്രയിക്കുന്നത്. വെള്ളല്ലൂരിന്റെ വോളിബാൾ പ്രേമികളുടെ പരിശ്രമമായി യുഗ ചേതന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വർഷങ്ങളായി ഇവിടെ വോളിബാൾ ടൂർണമെന്റ് നടത്തുന്നുണ്ട്. സംസ്ഥാനത്തിനകത്തുള്ള നിരവധി വോളിബാൾ ടീമുകളെ വെച്ച് നടത്തുന്നത് ഈ മത്സരം പൊതുചന്തയിൽ വെച്ചാണ്. അതുപോലെ തന്നെ ക്രിക്കറ്റ് പ്രേമികളുടെ ക്ലബായ എസ്. ടി. സി. സി ക്രിക്കറ്റ് ടീമുകളെ വച്ചു നടത്തുന്ന മത്സരം സ്വകാര്യ വ്യക്തിയുടെ വയലിൽ വച്ചാണ്. ഇത്രയും കായിക പ്രേമികൾ ഉള്ള, കായിക മത്സരങ്ങളും നടത്തുന്ന വെള്ളല്ലൂരുകാരുടെ ഒരുപാട് വർഷത്തെ സ്വപ്നമാണ് വെള്ളല്ലൂരിൽ ഒരു സ്റ്റേഡിയം.