
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് - വെമ്പായം മേഖലകളിൽ നൂറുകണക്കിന് കുരുന്നുകൾ ആദ്യാക്ഷരം എഴുതി. പ്രധാന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുക്കൻമാരും കുരുന്നുകളെ എഴുത്തിനിരുത്തി. ഗുരുക്കൻമാരുടെയും ആചാര്യൻമാരുടെയും മുഖ്യ കാർമ്മികത്വത്തിൽ സ്വന്തം രക്ഷിതാവിന്റെ വിരലുകളാലും കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. പൊതു കേന്ദ്രങ്ങളിൽ സമ്പർക്കം ഒഴിവാക്കാനായി എഴുതാനുളള അരിയും തളികയും അവരവർ തന്നെ കൊണ്ടു വരണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളായ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് അണ്ണൽദേവി ക്ഷേത്രം, അമ്മൻ കോവിൽ, തെന്നൂർ ദേവി ക്ഷേത്രം,കാവറ ഭഗവതി ക്ഷേത്രം,വേങ്കമല ദേവിക്ഷേത്രം,മേലാംകോട് ദേവി ക്ഷേത്രം,ആലന്തറ ശാസ്ത ക്ഷേത്രം,സുബ്രഹ്മണ്യ ക്ഷേത്രം, കുതിരകുളം മഹാദേവ ഭദ്രകാളി ക്ഷേത്രം, തിരുനെല്ലൂർക്കോണം ശിവക്ഷേത്രം പ്രധാന സാംസ്കാരിക കേന്ദ്രങ്ങളായ രംഗപ്രഭാത്, കലാലയ ഗ്രന്ഥശാല, സമന്വയ ഗ്രന്ഥശാല തുടങ്ങിയ കേന്ദ്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം എഴുതി അറിവിന്റെ സുകൃതത്തിലേക്ക് ചുവടുവച്ചു.