
വർക്കല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കാപ്പിൽ ഭഗവതി ക്ഷേത്രത്തിന്റെ തിരുമുറ്റത്തു നിലകൊള്ളുന്ന കളി തട്ടുകൾ സംരക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കഴിയുന്നില്ല. കേരളീയ കലാ പാരമ്പര്യത്തിന്റെ നഷ്ടാവശിഷ്ടങ്ങളുടെ തിരുശേഷിപ്പായി നിലകൊള്ളുന്ന രണ്ട് കളിത്തട്ടുകളാണ് ക്ഷേത്രവളപ്പിലുള്ളത്.
കല്ലും മണ്ണും ഉപയോഗിച്ച് ഇരിപ്പിട ഭാഗം കെട്ടിയും തടി കൊണ്ടുള്ള മേൽക്കൂരയിൽ ഓല മേഞ്ഞുമാണ് കളിത്തട്ടുകൾ നിർമ്മിച്ചത്. വർഷാവർഷങ്ങളിൽ നടക്കുന്ന ഭഗവതി ക്ഷേത്രത്തിലെ മീന ഭരണി ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്തെ കരക്കാർ ഓല മേഞ്ഞാണ് കളി തട്ടുകൾ സംരക്ഷിച്ചു നിലനിറുത്തുന്നത്. ഇതിനായി നല്ലൊരു തുക തന്നെ വേണ്ടി വരുന്നുണ്ട്. ഏകദേശം 20000ഓളം രൂപയാണ് കളി തട്ടുകളുടെ ഓല മേയുന്നതിനും മറ്റും ചെലവാക്കുന്നത്. ഈ കളി തട്ടുകൾ സംരക്ഷിക്കാൻ ദേവസ്വം ബോർഡ് ഒന്നും ചെയ്യുന്നില്ല എന്നാണ് കരക്കാരുടെ പരാതി. കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് കളിത്തട്ടുകളുള്ളത്. കളിത്തട്ടുകൾ പാരമ്പര്യ തനിമയോടെ സംരക്ഷിക്കുന്നതിന് മുൻകൈ എടുക്കേണ്ട ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ കടുത്ത അലംഭാവമാണ് കാട്ടുന്നത്. പോയ കാലത്തിന്റെ സാംസ്കാരികത്തനിമയും കലാചാരുതയും വാസ്തുവിദ്യയും ഉൾപ്പെടെ ഒത്തൊരുമിക്കുന്ന ഈ കളി തട്ടുകൾ ഇന്ന് സംരക്ഷണവും കാത്തു കഴിയുകയാണ്.
കളി തട്ടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ദേവസ്വം ബോർഡിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും നൽകിയെങ്കിലും മാറിമാറിവരുന്ന ദേവസ്വം ഭരണസമിതി ഇക്കാര്യം മുഖവിലയ്ക്ക് പോലും എടുക്കുന്നില്ല.