swith

പൂവച്ചൽ: സഹായിക്കണമെന്ന് ഒൻപതാംക്ലാസുകാരി മാളവികയുടെ വീഡിയോ സന്ദേശം. വീഡിയോ കണ്ട മന്ത്രി മണിയാശാൻ കനിഞ്ഞു. ഉടൻ വീട്ടിൽ വെളിച്ചമെത്തി.പൂവച്ചൽ ഇലക്ട്രിക് സെക്ഷനു കീഴിൽ കല്ലുവാക്കോണത്ത് നിർദ്ധനയായ സ്മിതയും കുടുംബവുമാണ് നാളുകളായി ഇരുട്ടിൽ കഴിഞ്ഞത്. പരിമിതമായ ഇടത്തിൽ പൊളിഞ്ഞു വീഴാറായി ഇരിക്കുന്ന ഷെഡിലാണ് സ്മിതയും മകൾ മാളവികയും കഴിയുന്നത്. ഇതിനാൽ തന്നെ വൈദ്യുതി ലഭിക്കാനും മറ്റുമുള്ള രേഖകൾ ഇവർക്ക് നൽകാനായില്ല. മാളവികയുടെ പഠനവും ഇരുട്ടിലായി.ഇതിനിടെയാണ് കച്ചിത്തുരുമ്പായി മന്ത്രിക്ക് വീഡിയോ സന്ദേശം അയയ്ക്കാൻ മാളവിക തീരുമാനിച്ചത്. വിഷയം മന്ത്രി എം.എം. മണിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുടുബത്തിന് വൈദ്യുതി ലഭിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഒപ്പം കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെ (സി.ഐ.ടി.യു) സമയോചിത ഇടപെടലും ആയപ്പോൾ നടപടികൾ ദ്രുതഗതിയിലായി. അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാനനേതൃത്വം വേണ്ട നടപടികൾ സ്വീകരിക്കാൻ കാട്ടാക്കട ഡിവിഷൻ സെക്രട്ടറിയായ രാജീവിനേയും സംസ്ഥാന കമ്മിറ്റി അംഗമായ രാജേഷ് കുമാറിനേയും ചുമതലപ്പെടുത്തിയതോടെ ഇരുട്ടിലെ ജീവിതം വെളിച്ചത്തിലേക്ക്. മാളവികയ്ക്ക് ഓൺലൈൻ പഠനത്തിനായി എൽ.സി.ഡി ടി.വിയും സമ്മാനമായി നൽകി.ഉറിയാക്കോട് വാർഡ് മെമ്പർ കുമാരദാസിന്റെ അദ്ധ്യക്ഷതയിൽ വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയപ്രകാശ് സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്, സംസ്ഥാന ട്രഷറർ സാജു,​ സംസ്ഥാന ഭാരവാഹിയായ സജീവ് കുമാർ, സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കുമാർ, പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ, വി. രാജേഷ് കുമാർ, രാജീവ്, വർക്കേഴ്സ് അസോസിയേഷൻ കാട്ടാക്കട ഡിവിഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.