
തിരുവനന്തപുരം: എൽ.ഡി.എഫ് എം.എൽ.എയുടെ പേര് കൂടി പുറത്ത് വന്നതോടെ സ്വർണക്കടത്ത് കേസിൽ ആരുടെ ചങ്കിടിപ്പാണ് വർദ്ധിക്കുന്നതെന്ന് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാനാണ് സി.ബി.ഐ അന്വേഷണം മുൻകാല പ്രാബല്യത്തോടെ തടയാൻ സി.പി.എം ശ്രമിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള എല്ലാ തെളിവുകളും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നെങ്കിലും അവർ അതിന് തയ്യാറായില്ല. അദ്ദേഹത്തിന് മുൻകൂർ ജാമ്യം തേടാനുള്ള അവസരവും നൽകി. വിദേശനാണയ വിനിമയ ക്രമക്കേട് കണ്ടെത്തിയ ലൈഫ് മിഷൻ കേസിലും നിയമപോരാട്ടത്തിന് കളമൊരുക്കി പദ്ധതി ചെയർമാനായ മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുകയായിരുന്നു കേന്ദ്ര ഏജൻസികൾ.
സ്വർണക്കടത്ത് കേസിൽ ഒറ്റപ്പെട്ട ചില അറസ്റ്റുകളൊഴിച്ചാൽ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ല. കൊടുവള്ളി എം.എൽ.എക്കെതിരായ മൊഴി ഉണ്ടായിട്ടും അതേക്കുറിച്ചന്വേഷിക്കാനോ അദ്ദേഹത്തെ ചോദ്യം ചെയ്യാനോ കസ്റ്റംസ് തയ്യാറാകാത്തതും ബി.ജെ.പിയും സി.പി.എമ്മും ദേശീയതലത്തിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.