plus-one

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ നവംബർ രണ്ട് മുതൽ ആരംഭിക്കും. സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫ‍ർ അലോട്ട്മെന്റ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനുള്ള നടപടികൾ ഇന്ന് ആരംഭിക്കും.

ആദ്യ ഘട്ടത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുക. ജൂൺ ഒന്ന് മുതൽ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന എല്ലാ ക്ലാസുകളിലെയും ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒരു പൊതുസൈറ്റിൽ ലഭ്യമാക്കുന്ന സംവിധാനവും നിലവിൽ വന്നു. ഇനി മുതൽ ജനറൽ, തമിഴ്, കന്നഡ മീഡിയം വിഭാഗങ്ങളിലെ മുഴുവൻ ക്ലാസുകളും വീഡിയോ ഓൺ ഡിമാൻഡ് രൂപത്തിൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

ഡിജിറ്റൽ ക്ലാസുകളുടെ സമയക്രമത്തിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിലെ 'കിളിക്കൊഞ്ചൽ' ഈ ആഴ്ച ശനി, ഞായർ ദിവസങ്ങളിലായിരിക്കും. ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങൾക്കും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങൾക്കുമായി അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തും.

പ്ലസ് വൺ പ്രവേശനത്തിനുള്ള സ്കൂൾ/ വിഷയ മാറ്റത്തിനുള്ള അപേക്ഷകൾ ഇന്ന് രാവിലെ 10 മുതൽ 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം. www.hscap.kerala.gov.in ലെ apply for school/ combination transfer എന്ന ലിങ്ക് വഴിയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടത്. ഇതിനായുള്ള ഒഴിവുകൾ ഇന്ന് രാവിലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.