shaji

വിതുര: കാട് മൂടിക്കിടന്ന തരിശുഭൂമിയിൽ പ്രതികൂല കാലാവസ്ഥയെ തരണം ചെയ്ത് കൃഷി നടത്തി നൂറുമേനി വിളവ് കൊയ്തതിന്റെ ആഹ്ളാദത്തിലാണ് വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡന്റും സി.പി.എം നേതാവുമായ ഷാജി മാറ്റാപ്പള്ളി. വിതുര പഞ്ചായത്തിലെ വിതുര വാർഡിൽ താവയ്ക്കലിൽ വർഷങ്ങളായി കാട് പിടിച്ചുകിടന്ന ചെങ്കുത്തായ നാല് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കഠിനാദ്ധ്വാനം നടത്തിയാണ് ഷാജി നൂറുമേനി വിജയം കൊയ്തത്.

സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിതുര കൃഷിഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. റബർ മുറിച്ച ശേഷം വർഷങ്ങളായി തരിശായി കിടന്നിരുന്ന സ്ഥലം കൃഷിഭൂമിയാക്കാൻ ഏറെ പണിപ്പെട്ടു. ഷാജിയെ കൃഷിയിൽ സഹായിക്കുന്നതിനായി മൂന്ന് പേർ കൂടി ഒപ്പമുണ്ട്. ഇവിടെ കൃഷി നടത്തിയാൽ വിജയകരമാകില്ലെന്ന് സുഹൃത്തുക്കൾ മുൻകൂട്ടി പറഞ്ഞെങ്കിലും കൃഷിയോടുള്ള അമിതമായ സ്നേഹം മൂലം ഷാജി പിന്തിരിഞ്ഞില്ല.

കാട്ടുപോത്ത്, പന്നി തുടങ്ങിയ വന്യമൃഗശല്യം തരണം ചെയ്യാനും ഏറെപണിപ്പെട്ടു. വിവിധ ഇനത്തിൽപ്പെട്ട മൂവായിരം മൂട് വാഴ നട്ടു. കൂടാതെ വെള്ളരി, മുളക്, തക്കാളി, വെണ്ട, പപ്പായ, ഇഞ്ചി, മധുരക്കിഴങ്ങ് എന്നിവയും കൃഷിയിറക്കി. പൂർണമായും ജൈവവളമാണ് ഉപയോഗിച്ചത്. ഇതുകൂടാതെ ഷാജി കോഴി വളർത്തലും നടത്തുന്നുണ്ട്. കോഴിക്കാഷ്ഠം വളമായി ഉപയോഗിച്ചു. കൃഷി വിജയകരമായതോടെ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഷാജി മാറ്റാപ്പള്ളി.

 നാടും കൃഷിയിലേക്ക്

വിതുര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കർഷകരെ സഹായിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമായി അനവധി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. നൂറുകണക്കിന് കർഷകർക്ക് കൃഷിക്കായി ലോൺ വിതരണം നടത്തി. ഇതോടെ വിതുര, തൊളിക്കോട് പഞ്ചായത്തിൽ തരിശുഭൂമി പാട്ടത്തിനെടുത്തും സ്വന്തം ഭൂമിയിലുമായി മികച്ച രീതിയിൽ കൃഷി നടക്കുന്നുണ്ട്. ഇരുനൂറിൽ പരം ഏക്കർ തരിശുഭൂമിയിൽ കൃഷി നടത്തുന്നുണ്ടിപ്പോൾ.

കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി കൃഷിഭവനുകളുടെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരു ദിവസം കർഷകച്ചന്തയും നടത്തുന്നുണ്ട്. കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിച്ചതോടെ കാർഷികരംഗം ഉണർവിന്റെ പാതയിലാണ്. കർഷകരെ സഹായിക്കുന്ന ബാങ്ക് പ്രസിഡന്റ് തന്നെ കൃഷി നടത്തി മാതൃകയായതും മുതൽക്കൂട്ടായി. നബാർഡിന്റെ സഹകരണത്തോടെ കർഷകർക്കായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കാൻ വിതുര സർവീസ് സഹകരണബാങ്ക് തീരുമാനിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. അന്തരിച്ച മുൻ എം.എൽ.എ മജീദ് മാറ്റാപ്പള്ളിയുടെ മകനാണ് ഷാജി മാറ്റാപ്പള്ളി.