police

തിരുവനന്തപുരം: പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സേനയുടെ അടിസ്ഥാന സൗകര്യവികസനത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നത്. പൊലീസിനായി നിർമ്മിച്ച വിവിധ കെട്ടിടങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലീസ് ആസ്ഥാനത്തെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ് വർക്ക് പരിശീലന കേന്ദ്രം, പൊലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കൺട്രോൾ റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പൊലീസ് പരിശീലന കേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് പൊലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങൾ, തൃശൂർ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂർ സിറ്റി പൊലീസ് കോംപ്ലക്‌സിന്റെ തറക്കല്ലിടലും നിർവഹിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പൊലീസ് നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. ജനങ്ങളോട് ഇഴുകിച്ചേർന്നുളള ഇത്തരം പ്രവർത്തനങ്ങൾ പൊലീസിന്റെ യശസ് ഉയർത്തി. സമൂഹത്തിന് ഗുണകരമായ ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡി.ജി.പി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പിമാരായ ഡോ. ഷേക്ക് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി പൊലീസ് ആസ്ഥാനത്തെ സി.സി.ടി.എൻ.എസ് പരിശീലന കേന്ദ്രം സന്ദർശിച്ചു.