ss

തലശേരി: കോടിയേരി ആച്ചുകുളങ്ങര ശ്രീനാരായണമഠത്തിനടുത്ത സി.പി.എം പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം. നങ്ങാറത്ത്പീടിക ബ്രാഞ്ചംഗവും കോ–ഓപ്പറേറ്റീവ് ആശുപത്രി ജീവനക്കാരിയും വനിത സാഹിതി മേഖല കമ്മിറ്റി അംഗവുമായ സജ്നയുടെ വീടിന്റെ ജനൽചില്ലുകൾ അടിച്ചുപൊളിച്ചു. പുന്നോൽ ഈസ്റ്റ് ബ്രാഞ്ചംഗവും ആശ വർക്കറുമായ ബേബി റീജയുടെ വീട്ടിലെ ഫ്യൂസും മെയിൻ സ്വിച്ചും നശിപ്പിച്ചു. സായിനിവാസിൽ രവീന്ദ്രന്റെ വീട്ടിലെ ടെലിഫോൺ വയറുകൾ മുറിച്ചുമാറ്റി.ഞായറാഴ്ച അർധരാത്രിയോടെയാണ് അക്രമം. സജ്നയും കുടുംബവും വീട് പൂട്ടി തൃശൂരിലെ ബന്ധുവീട്ടിൽ പോയതായിരുന്നു. ഇവരുടെ വീടിനടുത്തുള്ള സോഡ ഫാക്ടറിയിൽ അട്ടിയിട്ട സോഡകുപ്പികളും തകർത്തിട്ടുണ്ട്. അക്രമമുണ്ടായ വീടുകൾ എ.എൻ ഷംസീർ എം.എൽ.എ, നഗരസഭ ചെയർമാൻ സി.കെ രമേശൻ, സി.പി.എം ഏരിയാ സെക്രട്ടറി എം.സി പവിത്രൻ, വാഴയിൽ ശശി, ലോക്കൽ സെക്രട്ടറി എ. ശശി എന്നിവർ സന്ദർശിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് ആച്ചുകുളങ്ങരയിൽ സി.പി.എം പ്രകടനവുമുണ്ടായി.അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് സി.പി.എം. നേതാക്കൾ ആരോപിച്ചു.