ccc

തിരുവനന്തപുരം: കൊവിഡ് ആശങ്കകൾക്കിടയിലും വിജയദശമി ദിനത്തിൽ കുരുന്നുകൾ ആദ്യാക്ഷര മധുരം നുണഞ്ഞു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ആഘോഷത്തിന് നിയന്ത്രണമുണ്ടായതിനാൽ അധികംപേരും വീടുകളിലാണ് വിദ്യാരംഭം കുറിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ശാന്തിക്കാർ എഴുത്തിനിരുത്തിയില്ല. മറ്റിടങ്ങളിൽ ഗുരുക്കന്മാർ ആചാര്യസ്ഥാനം വഹിച്ച് നിർദ്ദേശങ്ങൾ നൽകി. കുട്ടികളെ രക്ഷിതാക്കൾ മടിയിലിരുത്തി താലത്തിൽ നിറച്ച അരിയിൽ അക്ഷരമെഴുതിച്ചു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലെ സരസ്വതിദേവിയെ തൊഴാൻ പുലർച്ച മുതൽ ഭക്തജനത്തിരക്കായിരുന്നു. സാധാരണ 800ലേറെ കുട്ടികൾക്ക് വിദ്യാരംഭം നടത്താറുള്ള ഇവിടെ ഇത്തവണ മുൻകൂട്ടി അറിയിച്ച പ്രകാരം കുറച്ചുപേരെ എഴുത്തിനിരുത്തി. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും രക്ഷിതാക്കളാണ് 200 കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചത്. മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരി കാർമ്മികനായി. കരിക്കകം ചാമുണ്ഡിക്ഷേത്രത്തിൽ മേൽശാന്തി പെരിയമന എം.ബി. അജയകൃഷ്ണൻ നമ്പൂതിരി, ഹരീഷ് ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിൽ 300 ഓളം കുട്ടികൾക്ക് രക്ഷിതാക്കൾ ആദ്യാക്ഷരം കുറിച്ചു. പൂജപ്പുര സരസ്വതിമണ്ഡപത്തിൽ 200ഓളം കുട്ടികളെ എഴുത്തിനിരുത്തി. ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ എഴുത്ത്, ചിത്രകല, സംഗീതം, നൃത്തം എന്നിവയിൽ വിദ്യാരംഭം നടന്നു. ദാമോദരൻ പോറ്റി, കാരയ്ക്കാമണ്ഡപം വിജയകുമാർ എന്നിവർ നേതൃത്വം നൽകി. ദേശീയബാലതരംഗം 20 കേന്ദ്രങ്ങളിൽ നടത്തുന്ന ആദ്യാക്ഷരവേദിയുടെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജഗതിയിലുള്ള വസതിയിൽ കുട്ടികൾക്ക് അക്ഷരമെഴുതി നിർവഹിച്ചു. ഡോ.എം.ആർ. തമ്പാൻ കുട്ടികളെ എഴുത്തിനിരുത്തി. തോന്നയ്‌ക്കൽ ആശാൻ സ്‌മാരകം, നെയ്യാറ്റിൻകര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടന്നു. പൂജയെടുപ്പിന് ശേഷം ആര്യശാല ക്ഷേത്രത്തിൽ നിന്ന് വേളിമല കുമാരസ്വാമിയെ പൂജപ്പുര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. സാധാരണ വെള്ളിക്കുതിരപ്പുറത്ത് നടക്കുന്ന എഴുന്നള്ളത്ത് ഇക്കുറി ചെറിയവാഹനത്തിലാണ് നടത്തിയത്. ഉച്ചയ്‌ക്ക് ശേഷം പൂജപ്പുരയിലെത്തിച്ച കുമാരസ്വാമിക്ക് ആചാരപ്രകാരമുള്ള കാവടി അഭിഷേകം നടന്നു. ആഘോഷം, തട്ടപൂജ എന്നിവ ഒഴിവാക്കിയിരുന്നു. വൈകിട്ട് നാലിന് പള്ളിവേട്ടയ്‌ക്ക് ശേഷം കുമാരസ്വാമിയെ തിരിച്ചെഴുന്നള്ളിച്ചു. സന്ധ്യയ്‌ക്ക് ചെന്തിട്ടയിൽ നിന്നും മുന്നൂറ്റിനങ്കയെയും കുമാരസ്വാമിയെയും കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. അവിടെ രാജകുടുംബത്തിന്റെ സ്വീകരണം, കാണിക്ക സമർപ്പണം എന്നിവയ്‌ക്ക് ശേഷം വിഗ്രഹങ്ങളെ ക്ഷേത്രങ്ങളിലേക്ക് മടക്കിക്കൊണ്ടുപോയി. ചൊവ്വാഴ്ച വിഗ്രഹങ്ങൾക്ക് നല്ലിരുപ്പാണ്. ബുധനാഴ്ച രാവിലെ നവരാത്രി വിഗ്രഹങ്ങളെ മാതൃക്ഷേത്രങ്ങളിലേക്ക് തിരിച്ചെഴുന്നെള്ളിക്കും. വെള്ളിയാഴ്ച വൈകിട്ട് വിഗ്രഹങ്ങൾ പദ്മനാഭപുരത്തെത്തും.