capt

തിരുവനന്തപുരം: സി-ആപ്‌റ്റ് വാഹനത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയതിന് എൻ.ഐ.എയുടെയും കസ്റ്റംസിന്റെയും അന്വേഷണം നേരിടുന്ന അബ്ദുൽ റഹ്മാന് എൽ.ബി.എസ് ഡയറക്ടറായി സ്ഥിരനിയമനം നൽകുന്നതിന് സ്‌പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാൻ എക്സിക്യൂട്ടിവ് കമ്മി​റ്റി തീരുമാനിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈ​റ്റസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് ഭേദഗതി അംഗീകരിച്ചത്. ചട്ട ഭേദഗതിക്കു സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കും.

എൽ.ബി.എസ് ഡയറക്ടർക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശമ്പളഘടന നൽകാനും വ്യവസ്ഥയുണ്ട്. നിലവിൽ സർക്കാർ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലിന്റേതിനു തുല്യമാണ് ശമ്പളം.

നയതന്ത്റ ചാനൽ വഴി വന്ന 32 പായ്ക്ക​റ്റുകൾ സി-ആപ്‌റ്റിലെത്തിച്ച് അവിടെ നിന്ന് സർക്കാർ വാഹനങ്ങളിൽ മലപ്പുറത്തേക്കു കൊണ്ടുപോയ കേസിൽ അന്ന് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാൻ അന്വേഷണ പരിധിയിലാണ്. നിലവിൽ എൽ.ബി.എസ് ഡയറക്ടറുടെ താത്കാലിക ചുമതല വഹിക്കുന്ന അബ്ദുൽ റഹ്മാൻ ആ തസ്തികയിലിരുന്നുകൊണ്ട് ഡയറക്ടറുടെ യോഗ്യതാ ചട്ടം സ്വന്തം യോഗ്യതയ്ക്ക് അനുസൃതമായി തയാറാക്കി അംഗീകരിപ്പിക്കുകയായിരുന്നു.

എൽ.ബി.എസ് സ്ഥാപിച്ച 1976 മുതൽ നിലവിലുണ്ടായിരുന്ന ചട്ടങ്ങളാണ് ഭേദഗതി ചെയ്തത്. ഗവ. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ, സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്ന് നിയമനം നടത്തണമെന്നാണ് നിലവിലെ ചട്ടം. എന്നാൽ, എൽ.ബി.എസിനു കീഴിലുള്ള രണ്ടു സ്വാശ്രയ കോളജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് ഡയറക്ടറെ നിയമിക്കാനാണ് ഭേദഗതി.

അബ്ദുൾ റഹ്മാനെ എ.ഐ.സി.ടി.ഇ യോഗ്യതയും നിയമന മാനദണ്ഡങ്ങളും അവഗണിച്ച് പ്രിൻസിപ്പലായി നിയമിച്ചത് വിവാദമായിരുന്നു. പ്രിൻസിപ്പൽ നിയമനം ഓപ്പൺ സെലക്‌ഷനിലൂടെ ആയിരിക്കണമെന്ന എ.ഐ.സി.ടി.ഇ ചട്ടമനുസരിച്ച് പൊതു വിജ്ഞാപനത്തിലൂടെ കഴിഞ്ഞ വർഷം ജൂണിൽ എൽ.ബി.എസ് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.ടി, ഐ.ഐ.എസ്.സി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പി.എച്ച്.ഡി നേടിയ സർക്കാർ–എയ്ഡഡ് എൻജിനിയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ അപേക്ഷകൾ തള്ളിക്കളഞ്ഞാണ് മന്ത്റി ജലീലിന്റെ നിർദേശപ്രകാരം അബ്ദുൾ റഹ്മാനു നിയമനം നൽകിയത്.

നിയമനത്തിനെതിരെയുള്ള പരാതികൾ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് അടുത്ത സ്ഥിരപ്പെടുത്തൽ.

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പ്രവേശന പരീക്ഷ, രജിസ്‌ട്രേഷൻ, കോഴ്സ് വർക്ക്, എക്‌സ്​റ്റേണൽ ഇവാലുവേഷൻ തുടങ്ങിയ പ്രക്രിയകളിലൂടെ കരസ്ഥമാക്കിയ പി.എച്ച്.ഡി ആയിരിക്കണമെന്നാണ് യു.ജി.സി നിബന്ധന. ഇത് അവഗണിച്ചാണ് തമിഴ്നാട്ടിലെ സ്വകാര്യ ഡീംഡ് യൂണിവേഴ്സി​റ്റിയുടെ പി.എച്ച്.ഡി നേടിയ അബ്ദുൾ റഹ്മാനെ പ്രിൻസിപ്പലായി നിയമിച്ചത്.

2006ൽ സപ്ലിമെന്ററി പരീക്ഷയെഴുതിയാണ് റഹ്മാൻ എം.ടെക് ബിരുദം നേടിയത്. യു.ഡി.എഫ് സർക്കാർ ഇദ്ദേഹത്തെ സാങ്കേതിക സർവകലാശാലയുടെ പി.വി.സിയാക്കിയത് വിവാദമായിരുന്നു. ഈ പദവിയിൽ നിന്ന് 2018ൽ ഗവർണർ നീക്കംചെയ്തു. ജലീൽ അദ്ദേഹത്തെ സി-ആപ്‌റ്റ് എം.ഡിയാക്കി. സ്വർണക്കടത്ത് കേസ് വന്നശേഷം എൽ.ബി.എസിലേക്ക് മാറ്റി.

ഉന്നതപഠനത്തിനുള്ള പ്രവേശന പരീക്ഷകളും അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളും നടത്തുന്ന എൽ.ബി.എസിൽ യോഗ്യതയുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.