oct26c

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരം വികസിക്കുന്നെങ്കിലും സ്വകാര്യ ബസുകൾക്കായി സ്ഥാപിച്ച ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിമിതികളിൽ ബുദ്ധിമുട്ടുകയാണ്. നവീകരണം ഉണ്ടാകും, ബസ് സ്റ്റാൻഡ് മാമത്തേക്ക് മാറ്റും എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് ഇരുപത് കൊല്ലമായി. നഗരസഭയ്ക്ക് നല്ല വരുമാനം ലഭിക്കുന്ന കേന്ദ്രമാണ് സ്വകാര്യ ബസ് സ്റ്റാൻഡ്. എന്നാൽ അതിനു തക്ക വികസനം ഇവിടെ നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പലപ്പോഴായി ചില്ലറ പണികളൊക്കെ നടക്കുന്നുണ്ടെങ്കിലും ആസൂത്രിതമായ യാതൊരു വർക്കും ഇതുവരെ നടന്നിട്ടില്ല. ബസ് സ്റ്റാൻഡിന് ഇരുവശത്തും റോഡാണ്. അതിലൊന്ന് നാലുവരി പാതയായി വികസിക്കുന്ന ദേശീയപാതയുമാണ്. ദേശീയപാതയോടു ചേർന്ന് വ്യാപാര സമുച്ചയം നിർമ്മിച്ചാൽ ഇപ്പോൾ ലഭിക്കുന്നതിന്റെ പതിൻമടങ്ങ് വരുമാനം ഉണ്ടാക്കാമെന്നാണ് വിലയിരുത്തൽ.

പല കൗൺസിലും ഇതിനായി പദ്ധതികൾ തയ്യാറാക്കിയിരുന്നു. എന്നാൽ അതൊല്ലാം ബഡ്ജറ്റിൽ മാത്രം ഒതുങ്ങി. ചിറയിൻകീഴ് താലൂക്കിന്റെ ആസ്ഥാനമായ ആറ്റിങ്ങലിന്റെ വികസനത്തിന് ഏറെ കരുത്തു നൽകുന്നതാണ് നഗര ഹൃദയത്തിലുള്ള ഈ ബസ് സ്റ്റാൻഡ്.