photo
നെല്ലെഴുത്ത് ചടങ്ങിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് മുതിർന്ന കർഷകൻ പെരിങ്ങാവിൽ മാധവൻ പിള്ളയ്ക്ക് ദക്ഷിണ സമർപ്പിക്കുന്നു

നെടുമങ്ങാട് :വിദ്യാരംഭ ദിനത്തിൽ കുഞ്ഞുങ്ങൾ അരിയിലും മണലിലും ഹരിശ്രീ കുറിച്ച് അക്ഷര ലോകത്തേക്ക് കടന്നപ്പോൾ,നെല്ലന്നം എന്ന സന്ദേശം ഉയർത്തി ആനാട് പെരിങ്ങാവിൽ ഏലായിൽ നെല്ലെഴുത്തുമായി സ്ഥലവാസികളുടെ കൊയ്ത്തുത്സവം.രണ്ടാം വിള മുണ്ടകൻ കൃഷി ഒന്നര ഹെക്ടർ നിലത്ത് അഞ്ച് കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.ഒന്നാം വിളയിൽ വിതച്ച കൃഷി കാരണവർ പെരിങ്ങാവിൽ മാധവൻ പിള്ളയെ ആദരിച്ചു.ആനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കൊയ്ത്തും നെല്ലെഴുത്തും ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നെൽക്കർഷകനുമായ ആനാട് ജി.ചന്ദ്രൻ, നെൽകർഷകൻ മണികണ്ഠൻ, കർഷക ലീലാമ്മ ടീച്ചർ, പെരിങ്ങാവിൽ ഗിരി, കൃഷി ഓഫീസർ എസ്.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഇക്കോഷോപ്പ് വഴി പച്ചനെല്ല് സംഭരിച്ച് വിവിധ ചന്തകളിലൂടെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിൽപ്പന നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.