mangayan

തിരുവനന്തപുരം: ആറു മാസത്തെ ആയുസ് പ്രതീക്ഷിച്ച ഇന്ത്യയുടെ മംഗൾയാൻ ഏഴു വർഷമായിട്ടും കൺതുറന്ന് ചൊവ്വയെ വീക്ഷിക്കുന്നു. ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് സുപ്രധാന വിവരങ്ങളാണ് മംഗൾയാൻ ലോകത്തിന് നൽകുന്നത്. ഇതര ഗ്രഹങ്ങളുടെ അന്തരീക്ഷത്തെ കുറിച്ചുള്ള പഠനങ്ങൾക്ക് ഇവ ഏറെ നിർണായകമെന്ന് നാസയും അംഗീകരിച്ചു.

മംഗൾയാനിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഐ.എസ്.ആർ.ഒയുടെ ആന്ധ്രപ്രദേശിലെ നാഷണൽ അറ്റ്‌മോസ്‌ഫെറിക് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് പുതിയ വിവരങ്ങൾ ലോകത്തിന് നൽകിയത്.

എല്ലാ ഗ്രഹങ്ങൾക്കും നിശ്ചിത അളവിൽ അവയുടെ അന്തരീക്ഷം ബഹിരാകാശത്തേക്ക് നഷ്ടപ്പെടുന്നുണ്ട്. ഗ്രഹങ്ങളുടെ വലിപ്പവും പുറത്തെ അന്തരീക്ഷത്തിലെ ഊഷ്മാവുമാണ് ഈ പ്രക്രിയയുടെ വേഗം തീരുമാനിക്കുന്നത്. ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറിയ ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷം പ്രതീക്ഷിച്ചതിലും വേഗത്തിൽ നഷ്ടമാകുന്നുവെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഇക്കാര്യം ഇസ്രോ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ടതും കണ്ടെത്തിയതും

# ചൊവ്വയോട് 155 കിലോമീറ്റർ വരെ അടുത്തെത്തി മംഗൾയാൻ വിവരങ്ങൾ ശേഖരിച്ചു

# 2018 ജൂൺ, ജൂലായ് മാസങ്ങളിൽ ചൊവ്വയിൽ വൻ പൊടിക്കാറ്റ്

# പൊടിക്കാറ്റിന്റെ ഫലമായി ചൊവ്വയുടെ അന്തരീക്ഷത്തിലെ മേൽപ്പാളി കൂടുതൽ ചൂടായി

# ഇത് ചൊവ്വയുടെ അന്തരീക്ഷ നഷ്ടത്തിന്റെ തോത് വർദ്ധിപ്പിച്ചുവെന്ന് കണ്ടെത്തൽ

# താപനില വർദ്ധിക്കുന്നതായും അന്തരീക്ഷം വികസിക്കുന്നതായും കണ്ടെത്തി

# പൊടിക്കാറ്റ് നിറഞ്ഞു നിന്ന ഒരു മാസം ചൊവ്വയുടെ അന്തരീക്ഷത്തിലെ സാന്ദ്രത വർദ്ധിച്ചു.

മംഗൾയാൻ

2013 നവംബർ 5:വിക്ഷേപണം

2014 സെപ്തംബർ 24: ചൊവ്വയുടെ അന്തരീക്ഷത്തിൽ

450 കോടി രൂപ: മുതൽമുടക്ക്

6 മാസം: പ്രതീക്ഷിച്ച ആയുസ്

7 വർഷം: ഇപ്പോഴും ആക്ടീവ്