
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കില്ല
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിൽ ഇളവുകൾ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ആളൊഴിഞ്ഞ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ. ചുരുക്കം സഞ്ചാരികൾ മാത്രമാണ് ഇവിടെയെത്തുന്നത്. അവധി ദിനങ്ങളിൽ പോലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഒഴിവുസമയം ടൂറിസ്റ്റ് സ്ഥലങ്ങളിൽ ചെലവിടാൻ ആളുകൾ മടിക്കുന്നതാണ് തിരക്ക് കുറയ്ക്കുന്നതെന്നാണ് വിലയിരുത്തൽ. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊവിഡ‌് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കിയ ശേഷമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഹിൽ സ്റ്റേഷനുകൾ, സാഹസിക വിനോദകേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് സർക്കാർ പ്രവേശനം അനുവദിച്ചത്. നവംബർ ഒന്ന് മുതൽ ബീച്ചുകളിലും പ്രവേശനം അനുവദിക്കും. ബീച്ചുകൾ തുറക്കുന്നതോടെ വിനോദസഞ്ചാരമേഖല കൂടുതൽ സജീവമാകുമെന്നാണ് ടൂറിസംവകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം ബീച്ചുകളിൽ കൂടുതൽ ആളുകളെത്തിത്തുടങ്ങിയാൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. ആറ് മാസത്തിലധികമായി അടഞ്ഞുകിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നിട്ടും ആളുകളെത്താതായത് കച്ചവടം നടത്തിയിരുന്നവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. പ്രതിസന്ധി മറികടക്കാമെന്ന് കരുതിയ ടാക്‌സി ഡ്രൈവർമാരും ദുരിതത്തിലായി.
കൊവിഡിൽ വലഞ്ഞ് ടൂറിസം
------------------------------------------------
ജില്ലയിൽ ആക്കുളം ചിൽഡ്രൻസ് പാർക്ക്, കാപ്പിൽ ബോട്ട് ക്ലബ്, പൂവാർ, നെയ്യാർ ബോട്ട് ക്ലബ് എന്നീ സ്ഥലങ്ങളാണ് തുറന്നിട്ടുള്ളത്. തദ്ദേശീയരായ ചുരുക്കം പേരൊഴിച്ചാൽ മറ്റാളുകളൊന്നും എത്തിത്തുടങ്ങിയില്ല. പണി പൂർത്തിയാക്കാനുള്ളതിനാൽ വേളി ടൂറിസ്റ്റ് വില്ലേജ് അടച്ചിട്ടിരിക്കുകയാണ്. നെയ്യാർഡാം തുറന്ന് പ്രവർത്തിക്കാൻ ജലവിഭവ വകുപ്പ് അനുമതിയായില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പൊന്മുടി തുറക്കാൻ വനസംരക്ഷണ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രദേശവാസികൾക്ക് കൊവിഡ് ബാധിക്കുമോയെന്ന പേടി നിലനിൽക്കുന്നതിനാൽ പ്രവേശനം എന്ന് മുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല.
''
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചുരുക്കം ആളുകൾ മാത്രമാണെത്തുന്നത്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയിട്ടില്ല. തലസ്ഥാനവാസികൾ കൊവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിന്റെ തെളിവാണ് ഈ തിരക്ക് കുറവ്.
- ബിന്ദുമണി, ഡി.ടി.പി.സി സെക്രട്ടറി