കാസർകോട്: എടനീർ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികളുടെ പിൻഗാമിയായി ജയറാം മഞ്ചത്തായ സന്യാസ ദീക്ഷ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കാഞ്ചി കാമകോടി മഠത്തിൽ നടന്ന ചടങ്ങിൽ കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതിയിൽ നിന്നാണ് ജയറാം മഞ്ചത്തായ ദീക്ഷ സ്വീകരിച്ചത്. ഉഷകാല അനുഷ്ടാനങ്ങൾക്ക് ശേഷം മൃതികാസ്നാനം, വിരാട ഹോമം, പുരുഷ സൂക്ത ഹോമം തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് ദീക്ഷ സ്വീകരിച്ചത്. തുടർന്ന് ഗുരുപൂജയും പാദുക പൂജയും നടന്നു. ഇനി മുതൽ ജയറാം മഞ്ചത്തായ സ്വാമി സച്ചിതാനന്ദ ഭാരതി എന്ന പേരിലായിരിക്കും അറിയപ്പെടുക. കാഞ്ചിയിൽ നിന്ന് തിരിച്ച സ്വാമി ചൊവ്വാഴ്ച ഉച്ചക്ക് 11.30 ഓടെ എടനീർ മഠത്തിലെത്തി പുന:പ്രവേശനം നടത്തും. സ്വാമിയേ വാദ്യഘോഷങ്ങളോടെ മഠത്തിലേക്ക് സ്വീകരിച്ചു ആനയിക്കും. ഹോമാദികാര്യങ്ങളും കലശയഭിഷേകവും നടത്തിയ ശേഷം ബുധനാഴ്ച ഉച്ചയോടെ പീഠാരോഹണ ചടങ്ങ് നടക്കും. ആത്മീയ ചിന്തകളും മതേതര കാഴ്ചപ്പാടുകളും കൊണ്ട് ദേശീയതലത്തിൽ പ്രസിദ്ധനായിരുന്നു അന്തരിച്ച കേശവാനന്ദ ഭാരതി. അതുപോലെ പ്രകാശം പരത്തുന്ന കാഴ്ചപ്പാടുകളുമായിട്ടാണ് സച്ചിതാനന്ദ ഭാരതി മഠത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.
എടനീരിലെ പതിനാലാം സൂര്യോദയം
സ്വാമി കേശവാനന്ദഭാരതിയുടെ പിൻഗാമിയും പതിനാലാമത് മാടാധിപതിയുമായാണ് സ്വാമി സച്ചിതാനന്ദ ഭാരതി എന്ന ജയറാം മഞ്ചത്തായ സ്ഥാനം ഏറ്റെടുക്കുന്നത്. എടനീർ മഠത്തിന്റെ അദ്ധ്യാത്മിക, അധികാര ചുമതലകളിൽ നേരത്തെ തന്നെ വ്യാപൃതനായിരുന്നു ഇദ്ദേഹം. തലമുണ്ഡനം ചെയ്ത് പതിവ് മുണ്ടും ഷർട്ടും മേൽവസ്ത്രവും ധരിച്ചു സ്വാമി മഠത്തിന്റെ ചുമതലകളിൽ കർമ്മനിരതനായിരുന്നു. അന്തരിച്ച കേശവാനന്ദ ഭാരതിയുടെ സഹോദരി സരസ്വതി അമ്മയുടെയും നാരായണ കെജില്ലയായുടെയും പുത്രനാണ് നിയുക്ത മഠാധിപതി. ജനിച്ചതും വളർന്നതും എല്ലാം എടനീർ മഠത്തിലാണ്. മുൻഗാമിയുടെ എല്ലാ പ്രവർത്തനങ്ങളും കൺനിറയെ കണ്ടാണ് വളർന്നത്. കുഞ്ഞായിരിക്കെ തന്നെ കേശവാനന്ദ ഭാരതിയുടെ ഓരോ ചലനങ്ങളും കൃത്യമായും വീക്ഷിച്ചു പഠിച്ചിരുന്നു. സ്വാമിജീസ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ കലാകായിക പ്രവർത്തനങ്ങളിൽ സജീവമായി. പി യു സിക്ക് കർണ്ണാടക പുത്തൂർ വിവേകാനന്ദ കോളേജിലാണ് പഠിച്ചത്. 1992 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് മഠത്തിൽ സജീവമായത്. കേശവാനന്ദ ഭാരതിയുടെ കൂട്ടായും ഡ്രൈവറായും സെക്രട്ടറിയായും ഒരു നിഴൽ പോലെ ഉണ്ടായിരുന്നയാളാണ് നിയുക്ത മഠാധിപതി. 27 ദിവസം നീണ്ടുനിന്ന നീണ്ടുനിന്ന പുണ്യക്ഷേത്ര യാത്രയ്ക്കായി സ്വാമിയുടെ കൂടെ നേപ്പാളിൽ വരെ വാഹനം ഓടിച്ചുപോയിട്ടുണ്ട്. മുൻഗാമിയെ പോലെ തന്നെ കലയെയും സംഗീതത്തെയും ഏറെ സ്‌നേഹിക്കുന്നയാളാണ് സച്ചിതാനന്ദ ഭാരതിയും. രാജ്യത്തെ പരമോന്നത കോടതിയിൽ മൗലികാവകാശ സംരക്ഷണ പോരാട്ടത്തിലൂടെ ചരിത്ര വിജയം നേടിയ സ്വാമിയുടെ നാമധേയത്തിൽ കാസർകോട് കേന്ദ്രമായി ഒരു ലോ കോളേജ് സ്ഥാപിക്കുന്ന കാര്യം എടനീർ മഠം ആലോചിക്കുന്നുണ്ട്.