pinarayi-vijayan

തിരുവനന്തപുരം: ക്വാറന്റൈനിൽ കഴിയുന്നവരോട് പരിസരവാസികൾ അസഹിഷ്ണുത കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചില സ്ഥലങ്ങളിൽ ക്വാറന്റൈനിലുള്ളവരുടെ വീടുകളുടെ സമീപം താമസിക്കുന്നവർ, അസഹിഷ്ണുത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ക്വാറന്റൈനിൽ കഴിയുന്നവർ കൊവിഡിനെതിരായ പോരാട്ടത്തിന്റെ മുൻ നിരയിൽ നിൽക്കുന്നവരാണ് . ഇവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയൽക്കൂട്ട യോഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകളുടെ യോഗങ്ങൾ, മറ്റു കൂട്ടായ്മകൾ എന്നിവയിൽ അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. യോഗങ്ങളിൽ ബ്രേക്ക് ദി ചെയിൻ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ഈ കൂട്ടായ്മകളിൽ പ്രായമുള്ളവരെ പങ്കെടുക്കാൻ നിർബന്ധിക്കരുത്. തലസ്ഥാനത്ത് ആരാധനാലയങ്ങളിൽ വിപുലമായ ബ്രേക്ക് ദി ചെയിൻ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന സർക്കാർ നിർദേശത്തോട് സഹകരിച്ചവർക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു.