
ആലുവ: വ്യാജവിലാസത്തിൽ കൊറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ ഒരുവർഷത്തിന് ശേഷം പൊലീസ് പിടിയിലായി. കണ്ണൂർ അഴീക്കോട് സലഫി മുസ്ളിംപള്ളിക്ക് സമീപം പി.സി. ലൈൻവീട്ടിൽ സന്ദീപാണ് (31) ആലുവ പൊലീസിന്റെ പിടിയിലായത്.
ഒരു കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രതി വ്യാജവിലാസം നിർമ്മിച്ച് സ്വർണം ബുക്ക് ചെയ്യുകയായിരുന്നു. പാർസൽ എത്തുമ്പോൾ ഇയാൾ തുറന്ന് സ്വർണം എടുത്തശേഷം കവർ ഒട്ടിച്ച് വിലാസത്തിൽ ആളില്ലെന്നു പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിച്ചത്തിയ പായ്ക്കറ്റുകൾ ബംഗളുരുവിലെ കമ്പനി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതറിഞ്ഞത്. തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറുലക്ഷത്തോളം രൂപയുടെ പത്ത് സ്വർണ ഉരുപ്പടികളാണ് മോഷ്ടിച്ചത്. സംഭവത്തിന് ശേഷം സന്ദീപ് ഒളിവിലായിരുന്നു.
ഇൻസ്‌പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ വി.കെ. രവി, എ.എസ്.ഐമാരായ ബിജു, എം.കെ. ഇക്ബാൽ, സി.പി.ഒ. ദിലീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.