
തിരുവനന്തപുരം: കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായ രാഹുൽ ഗാന്ധി കേരളത്തിൽ നടത്തിയ പ്രസ്താവനയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തള്ളിപ്പറഞ്ഞത് രാഷ്ട്രീയത്തിന്റെ ആദ്യാക്ഷരങ്ങൾ അറിയാവുന്ന ആർക്കും മനസിലാക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.ബി.ഐയെ രാഷ്ട്രീയ പ്രേരിതമായി കേന്ദ്രസർക്കാർ ദുരുപയോഗിക്കുന്നെന്ന് രാഹുൽ പറഞ്ഞതിനെ പ്രതിപക്ഷനേതാവ് തള്ളിപ്പറഞ്ഞതിനെപ്പറ്റിയായിരുന്നു പ്രതികരണം.
കാലഘട്ടത്തിലെ നയത്തിനനുസൃതമായാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽഗാന്ധി സ്വാഭാവികമായും അതിനനുസരിച്ച് പ്രതികരിച്ചു. അഖിലേന്ത്യാ നേതൃത്വത്തെ തള്ളിപ്പറയാൻ സാധാരണനിലയ്ക്ക് സംസ്ഥാന നേതൃത്വത്തിലിരിക്കുന്നവർ തയാറാകില്ല. ഇവിടെ പച്ചയായി പറയുകയാണുണ്ടായത്. അതവരുടെ പാർട്ടി കാര്യമാണ്. എങ്കിലും എന്നെ ആശ്ചര്യപ്പെടുത്തിയത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന, കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രധാന നേതാവ് തള്ളിപ്പറഞ്ഞുവെന്നതാണ്.
അങ്ങനെ പറയാൻ വേറൊരു കാര്യമുണ്ടായിരുന്നെന്ന് പിന്നീടാണ് മനസിലായത്. ബി.ജെ.പിയുടെ ഇവിടത്തെ ഒരു പ്രധാനനേതാവ് പരസ്യമായി രാഹുലിന്റെ നിലപാടിനെ വിമർശിച്ചപ്പോഴാണത്. 'ഇതുവരെ ഞങ്ങളും കോൺഗ്രസും സമരത്തിൽ ഒരേ നിലപാടായിരുന്നു, രാഹുൽഗാന്ധി വന്നശേഷം നിലപാട് മാറിയോ' എന്നാണ് ആ നേതാവ് ചോദിച്ചത്. ആ ചോദ്യത്തിന് വ്യക്തത വരുത്താനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവിൽ നിന്നുണ്ടായത്. അതിന്റെ ആവശ്യമെന്തായിരുന്നു?
രാജ്യത്ത് ബി.ജെ.പിയെയും അതിന് നേതൃത്വം നൽകുന്ന ആർ.എസ്.എസിനെയും തുറന്നുകാട്ടാൻ ആകാവുന്ന തരത്തിലെല്ലാം ശ്രമിച്ചുവരികയാണ് കോൺഗ്രസ് നേതൃത്വം. അപ്പോഴാണ് ഇവിടെ അവർ ഒന്നിച്ചു നീങ്ങുന്ന ശക്തികളാവുന്നത്.