navarathri

തിരുവനന്തപുരം: നവരാത്രി ഉത്സവങ്ങൾക്ക് ശേഷം, നവരാത്രി വിഗ്രഹങ്ങൾ നാളെ തിരിച്ചെഴുന്നള്ളും. പദ്മതീർത്ഥത്തിന് എതിർവശത്തുള്ള നവരാത്രി മണ്ഡപത്തിൽ നിന്ന് നാളെ രാവിലെ 8ന് സരസ്വതി വിഗ്രഹത്തെയും ആര്യശാല ദേവീ ക്ഷേത്രത്തിൽ നിന്ന് കുമാരസ്വാമിയെയും ചെന്തിട്ട ദേവി ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്രി നങ്കയെയും ആചാരപൂർവം യാത്ര അയയ്ക്കും. തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥർ ഉടവാളേന്തും.

കിള്ളിപ്പാലം ജംഗ്ഷനിൽ സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും യാത്ര അയപ്പുണ്ടാകും. പൊലീസ് ഗാർഡ് ഒാഫ് ഓണർ നൽകും. കൊവിഡ് നിയന്ത്രണങ്ങൾ കാരണം പല്ലക്കിലാണ് സരസ്വതി വിഗ്രഹത്തെയും മുന്നൂറ്രി നങ്കയെയും കുമാരസ്വാമിയെയും എഴുന്നള്ളിക്കുക. നാളെ രാത്രി നെയ്യാറ്രിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലായിരിക്കും തങ്ങുക. അടുത്ത ദിവസം രാവിലെ യാത്ര തിരിച്ച് കുഴിത്തുറയിൽ രാത്രി എത്തും. 30ന് സരസ്വതി ദേവിയെ പദ്മനാഭപുരം കൊട്ടാരത്തിലേക്കും അവിടെ നിന്ന് ഉപ്പിരിക്ക മാളികയിലേക്കും ആനയിക്കും. മുന്നൂറ്രിനങ്കയെ ശുചീന്ദ്രത്തേക്കും കുമാരസ്വാമിയെ കുമാരകോവിലിലേക്കും ആനയിക്കും.