
തിരുവനന്തപുരം: വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇനിയും ആവശ്യമായ ഇടപെടലുകൾ സർക്കാർ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാരിൽ വിശ്വാസമാണെന്ന് കുട്ടികളുടെ മാതാവ് ഇന്നലെയും പറഞ്ഞു. കേസിൽ വിചാരണവേളയിലുണ്ടായ വീഴ്ച പരിശോധിക്കാൻ നിയോഗിച്ച റിട്ട. ജില്ലാ ജഡ്ജി പി.കെ. ഹനീഫ കമ്മിഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുദ്യോഗസ്ഥർക്കെതിരെ കർശന നടപടികളെടുക്കും. വിചാരണ കോടതിയിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ മാറ്റിനിറുത്തി. ആരെയും വഞ്ചിക്കുന്ന നിലപാട് മുഖ്യമന്ത്രിയെന്ന നിലയിൽ തനിക്കില്ല. ആ അമ്മയ്ക്കൊപ്പം തന്നെയാണ് നമ്മളെല്ലാം. ഒരു വർഷം മുമ്പ് വന്ന് കാണുമ്പോഴും അവരോട് ഇക്കാര്യം പറഞ്ഞിരുന്നു. അവരോട് സംസാരിച്ച കാര്യങ്ങൾ പാലിക്കാനാണ് ശ്രമിച്ചത്.കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമ പോരാട്ടത്തിന് സർക്കാരാണ് മുൻകൈയെടുത്തത്. പ്രതികളെ സെഷൻസ് കോടതി വിട്ടയച്ചതിനെതിരെ 2019ൽ തന്നെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണപ്പെട്ട കുട്ടികളുടെ അമ്മ ഫയൽ ചെയ്ത അപ്പീലുകളും നിലവിലുണ്ട്. വെറുതെ വിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത് സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ്.
വിചാരണ നടത്തി പ്രതികളെ നിരുപാധികം വിട്ടയച്ച കേസിൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തിക്കാൻ നിയമപരമായി സാധ്യമല്ല. വിചാരണക്കോടതിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി വിധി റദ്ദാക്കി പുനർവിചാരണ സാധ്യമാകുന്ന പക്ഷം തുടരന്വേഷണം ആവശ്യപ്പെടാനാകും. കേസ് വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ അർജന്റ് മെമ്മോ ഫയൽ ചെയ്തു. നവംബർ ഒമ്പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ മുറയ്ക്ക് തീരുമാനമെടുക്കാനാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.