
തിരുവനന്തപുരം: കുരുന്നുകളെ അറിവിന്റെ വെളിച്ചത്തിലേക്ക് ഉണർത്തണം എന്ന പ്രാർത്ഥനയോടെ ഇന്നലെ വിദ്യാരംഭ ചടങ്ങുകൾ നടന്നു. കുഞ്ഞുങ്ങൾക്ക് സ്വന്തം വീടുകളിലും ക്ഷേത്രങ്ങളിലും രക്ഷിതാക്കളാണ് ആദ്യാക്ഷര മധുരം പകർന്നത്.
കൊവിഡ് വ്യാപന ഭീതി ഒഴിയാത്തതിനാൽ ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയായിരുന്നു എഴുത്തിനിരുത്ത്. പൂജാരിമാർ അകലം പാലിച്ച് മന്ത്രങ്ങൾ ചൊല്ലിക്കൊടുത്തു.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാലു മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കഴിഞ്ഞ തവണ 1600 കുരുന്നുകളാണ് ഇവിടെ ആദ്യാക്ഷരം കുറിച്ചത്. ഇത്തവണ അത് 80 ആയി കുറഞ്ഞു. മലപ്പുറം ജില്ലയിൽ കൊവിഡ് വ്യാപനം കൂടുതലായതിനാൽ തിരൂർ തുഞ്ചൻ പറമ്പിൽ ഇത്തവണ എഴുത്തിനിരുത്ത് ഉണ്ടായിരുന്നില്ല. കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് എഴുത്തിനിരുത്ത് നടന്നു. വിദ്യാമണ്ഡപത്തിൽ രക്ഷിതാക്കളാണ് കുട്ടികളെ ഹരിശ്രീ എഴുതിച്ചത്. ഇതേ രീതിയിലാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും വിദ്യാരംഭം നടന്നത്. തൃശൂർ തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ വിദ്യാരംഭചടങ്ങ് മാത്രമായി ഒതുക്കി.
ഇന്നലെ ക്ലിഫ് ഹൗസും വിദ്യാരംഭ വേദിയായി. മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുവും. ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയെയാണ് മുഖ്യമന്ത്രി അക്ഷരലോകത്തേക്ക് ആനയിച്ചത്. രാവിലെ 9ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ തുടങ്ങിയവരും പങ്കെടുത്തു. പേരക്കുട്ടിയെ എഴുത്തിനിരുത്തണമെന്ന് ഒരാഴ്ച മുൻപാണ് വസന്തകുമാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. മുഖ്യമന്ത്രിയുടെ ഭാര്യയാണ് ഒരുക്കങ്ങളെല്ലാം നടത്തിയത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.കെ.ശൈലജയും വീട്ടിൽ ചെറുമക്കൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. മകൻ അരുണിന്റെ കുഞ്ഞ് ഈതനെയാണ് കടകംപള്ളി ആദ്യം ഹരിശ്രീ എഴുതിച്ചത്. കൊച്ചുമകൾ ഇഫയ ജഹനാരയ്ക്കാണ് മന്ത്രി കെ.കെ.ശൈലജ വിദ്യാരംഭം കുറിച്ചത്.
പേരക്കുട്ടി ഭാവ്നിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആദ്യാക്ഷരം എഴുതിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണനും ചടങ്ങിൽ പങ്കെടുത്തു. കോടിയേരിയുടെ മകൻ ബിനീഷിന്റെ ഇളയ മകളാണ് ഭാവ്നി.
ദേശീയ ബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു.