
കുളത്തൂപ്പുഴ: പാതയോരത്ത് ലോട്ടറി വിൽപ്പന നടത്തിവന്നിരുന്ന ഷിഹാബുദ്ദീന്റെ പക്കൽ നിന്നും ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി യുവാവ് പണം തട്ടി . കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പള്ളിക്ക് സമീപം വച്ച് ബുള്ളറ്റിൽ വന്ന യുവാവ് എൻ.എസ് 389137 ലോട്ടറി ടിക്കറ്റ് നൽകി സമ്മാനം ഉണ്ടോയെന്ന് ചോദിക്കുകയും ടിക്കറ്റ് പരിശോധിച്ചപ്പോൾ 5000 രൂപ സമ്മാനം ഉള്ളതായി ബോധ്യപ്പെട്ടതിനെ തുടർന്ന് യുവാവിന് 9 ടിക്കറ്റും 4600 രൂപയും നൽകി. ഇതിനുശേഷം ലോട്ടറി വിൽപ്പനക്കാരനായ ഷിഹാബുദ്ദീൻ ടിക്കറ്റുമായി കുളത്തുപ്പുഴയിൽ ലോട്ടറി വിൽപ്പന കടയിൽ വന്ന് ടിക്കറ്റ് പരിശോധിച്ചപ്പോൾ നമ്പർ തിരുത്തിയതായി ബോദ്ധ്യപ്പെട്ടു. അവസാനത്തെ 87 എന്ന സംഖ്യ തിരുത്തി 37 ആക്കിയാണ് പണം തട്ടിയത്. പിന്നീട് ലോട്ടറി വിൽപ്പനക്കാരൻ ഓട്ടോവിളിച്ച് യുവാവിനെ തിരക്കി തെൻമലവരെ പോകുകയും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.