കോവളം: ക്രിക്കറ്റ് കളി കഴിഞ്ഞ് മടങ്ങിയ യുവാവിന്റെ ബൈക്കിന് പിറകിൽ കാർ ഇടിച്ച് ഗുരുതര പരിക്ക്. വെള്ളാർ ആറാംകല്ല് പുണർതത്തിൽ രമേശന്റെയും ഷീലകുമാരിയുടെയും മകൻ അച്ചു രമേശിനാണ് (33) പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11ഓടെ നഗരത്തിൽ നിന്നും ക്രിക്കറ്റ് കളി കഴിഞ്ഞ് വെള്ളാറിലെ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ബൈക്കിൽ നിന്നും തെറിച്ച് വീണ ഇയാളെ ഉടൻ സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ സർജറിക്ക് വിധേയനാക്കി. ഇയാൾ അപകടനില തരണം ചെയ്യുന്നതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തിരുവല്ലം പൊലീസ് കേസെടുത്തു.