
വെള്ളരിക്കുണ്ട്: കാർഷിക സംസ്‌കാരത്തിന്റെ നേർസാക്ഷ്യമായി പത്താമുദയത്തിൽ എരുത് കളിയെത്തി. വെസ്റ്റ് എളേരി പുങ്ങംചാൽ കൊടിയം കുണ്ട് കോളനിയിലാണ് തുലാമാസം പത്തായ തിങ്കളാഴ്ച എരുത് കളി നടന്നത്. മാവില സമുദായത്തിന് മാത്രം അവകാശപ്പെട്ട എരുത് കളി കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതിനാൽ ഇത്തവണ കോളനി വീടുകളിൽ മാത്രം നിറഞ്ഞാടി.
ചെണ്ട മേളത്തിന്റെ താളത്തിൽ അണിയിച്ചൊരുക്കിയ കാളയുടെ രൂപം ചുമന്ന് ചിലങ്ക കെട്ടിയവർ എടുത്താടുന്നതാണ് എരുതു കളി.
കാർഷിക വൃത്തിയുടെ ഭാഗമായി മലയാള മാസത്തിലെ തുലാമാസത്തിലെ പത്താമുദയ നാളിലാണ് എരുതു കളി എന്ന ആചാര അനുഷ്ടാനങ്ങൾ നടന്നിരുന്നത്. മാവില സമുദായത്തിൽ പ്പെട്ടവർ വളരെ വിശ്വാസ പൂർവ്വമാണ് എരുതു കളി കൊണ്ടാടുന്നത്.
മനുഷ്യന്റെ ജീവിതത്തിനും കാർഷിക വൃത്തിക്കും ഉപകരിക്കുന്ന മൃഗങ്ങളോടുള്ള ആരാധനയാണ് എരുതു കളി. അതിന്റെ നേർസാക്ഷ്യമെന്നോണം കാളകളെ അണിയിച്ചൊരുക്കി എല്ലാ വീടുകളിലും കാളയെ കൊണ്ടുപോയി നൃത്ത മാടും.
കാള രൂപം ഉണ്ടാക്കിയ ശേഷം വെച്ചൊരുക്കൽ ചടങ്ങ് നടത്തും.
അവൽ, മലർ, പഴം എന്നിവ കാള രൂപത്തിന് മുന്നിൽ വെച്ച് തൊട്ട് നമസ്‌കരിച്ച ശേഷം മാത്രമേ കാളയെ എഴുന്നള്ളിക്കൂ. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ വീടുകളിലും കാളയെ കൊണ്ടുപോകും. അവിടെ നിന്നും ലഭിക്കുന്ന തുണികളും അരിയും എല്ലാം എരുതു കളിക്കാർ സ്വീകരിക്കും. എരിതു കളിക്കൊപ്പം മരമീടനും ഉണ്ടാകും. ഇത് ആളുകളെ തമാശയാക്കാൻ വേണ്ടിയാണ്. മര മീടൻ കെട്ടുന്നത് മലവേട്ടുവ വിഭാഗത്തിലെ ആളുകളാണ്.
എല്ലാ വർഷവും തുലാമാസത്തിലെ പത്താമുദയ നാളിൽ വളരെ ആഘോഷ പൂർവ്വം കൊണ്ടാടുന്ന എരുതു കളി ഇത്തവണ കൊവിഡ് നിയന്ത്രണമുള്ളതിനാൽ വളരെ ലളിതമായിട്ടാണെങ്കിലും പുങ്ങംചാൽ കൊടിയൻ കുണ്ട് കോളനിയിൽ നടന്നപ്പോൾ പുതു തല മുറയ്ക്ക് അത് മറ്റൊരു അപൂർവ്വ അനുഭവമായി.