ss

കിളിമാനൂർ:തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനുള്ള മുന്നണികളുടെ ചർച്ചകൾ പൊടിപൊടിക്കുന്നു. പ്രധാന കടമ്പയായ സംവരണ വാർഡുകൾ സംബന്ധിച്ച് വ്യക്തത വന്നതോടെയാണ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമായത്. അദ്ധ്യക്ഷൻമാരുടെ സംവരണം മാത്രമാണ് ഇനി അറിയാനുള്ളത്. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തിലും തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിലവിലെ ജനറൽ വാർഡുകൾ സംവരണ വാർഡുകളായി മാറിക്കഴിഞ്ഞു. അനുയോജ്യരായ വനിതാ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിലാണ് രാഷ്ട്രീയപാർട്ടികളുടെ ശ്രദ്ധ കൂടുതലും.

മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി വനിതകളും രംഗത്ത് ഇറങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നതിനാൽ എല്ലാവർക്കും സ്ഥാനാർത്ഥികൾ ഉണ്ടാകും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയ എല്ലാ പാർട്ടികളും നടത്തിയിരുന്നു. നിലവിൽ സംവരണ വാർഡുകളിൽ ജയിച്ച ഭൂരിഭാഗം പേർക്കും ഇത്തവണ സീറ്റ്‌ ലഭിക്കാനിടയില്ല. അതേസമയം കഴിഞ്ഞ തവണ ജനറൽ സീറ്റുകളിൽ ജയിച്ചവരുടെ വാർഡുകൾ സംവരണമായതോടെ മറ്റു വാർഡുകളും ഡിവിഷനുകളും അന്വേഷിച്ചുള്ള നെട്ടോട്ടവും തുടങ്ങിയിട്ടുണ്ട്.

സീറ്റ്‌ വിഭജനം സംബന്ധിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിലെ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. സി.പി.എം തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്രാഞ്ച് തലത്തിൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. സ്ഥാനാർത്ഥികൾ സംബന്ധിച്ച് പ്രാഥമിക ലിസ്റ്റ് മേൽ ഘടകങ്ങൾ കൈമാറിത്തുടങ്ങി. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ വികസന രേഖകൾ പുറത്തിറക്കി പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മേധാവിത്വം. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ സാധിക്കുമെന്നാണ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. കോൺഗ്രസ്‌ സ്ഥാനാർത്ഥി നിർണയത്തിൽ ശക്തമായ ഇടപെടലാണ് പാർട്ടി നടത്തുന്നത്. പരമാവധി സ്ഥാനാർത്ഥികൾ അതതു വാർഡുകളിൽ നിന്നുള്ളവർ ആയിരിക്കണമെന്നാണ് ഡി.സി.സി നിർദ്ദേശം. ഇളവുകൾ വേണമെങ്കിൽ വാർഡിൽ നിന്നുള്ളവരുടെ സമ്മതവും മേൽ ഘടകങ്ങളുടെ അംഗീകാരവും ലഭിച്ചാൽ മാത്രമേ സ്ഥാനാർത്ഥികൾ ആവുകയുള്ളൂ. മുൻ കാലങ്ങളിലൊന്നും ഇത്തരം കർശന നടപടികൾ സ്വീകരിച്ചിട്ടില്ല. അതിനാൽ താഴെത്തട്ടിൽ പ്രവർത്തകർ സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബി.ജെ.പിയും സജീവമാണ്. വാർഡ് തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ചു. ബ്ലോക്ക്‌,ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലും ഓരോരുത്തർക്ക് ചുമതല നൽകിയാണ് പ്രവർത്തനം.