കിളിമാനൂർ:വീടിന് മുന്നിൽ റോഡിൽ നിന്ന വിമുക്ത ഭടനെ പട്ടാപ്പകൽ പാഞ്ഞെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തി. കാൽമുട്ടിന് സാരമായി പരിക്കേറ്റ പുല്ലയിൽ തോമാനത്ത് വീട്ടിൽ ഗിരീഷിനെ(51) കേശവപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് സംഭവം.പിറ്രേ ദിവസം രാത്രി സമീപവാസി മംഗലത്ത് വീട്ടിൽ വിപിൻ ചന്ദ്രന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നടത്തിയ പരിശോധനയിൽ ചത്ത് ചീഞ്ഞ നിലയിൽ രണ്ട് പന്നിക്കുട്ടികളെ കണ്ടെത്തി. ഇവയെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്ന് ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള അണുനാശിനി തളിച്ചെങ്കിലും ദുർഗന്ധവും ഈച്ച ശല്യവും കാരണം നാട്ടുകാർ പൊറുതിമുട്ടിയിരിക്കയാണ്.പുല്ലയിൽ പ്രദേശത്ത് കാട്ടുപന്നി ശല്യം വർദ്ധിച്ചിട്ടുണ്ട്.ചേന,കാച്ചിൽ,മരച്ചീനി തുടങ്ങിയ കൃഷികൾ മുഴുവൻ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നു.