
പ്രൈമറി വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ട അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്ന പരീക്ഷയിൽ മലയാള പരിജ്ഞാനം പരിശോധിക്കപ്പെടേണ്ടതാണ് എന്ന ആവശ്യമാണ് ഐക്യമലയാള പ്രസ്ഥാനം മുന്നോട്ടുവച്ചത്. ആ ആവശ്യത്തോട് പി.എസ്.സി മുഖം തിരിച്ചപ്പോഴാണ് കേരളത്തിലെ ശാസ്ത്ര - സാഹിത്യ - സാംസ്കാരിക നായകരുൾപ്പെടെ 35,000 പേരുടെ ഒരു ഭീമഹർജി ഓൺലൈനായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
മാതൃഭാഷയിലുള്ള പരിജ്ഞാനം പരീക്ഷിക്കപ്പെടാതെ അദ്ധ്യാപക പരീക്ഷ നടത്തി നിയമനം നടത്തുന്നതിന്റെ ന്യായം എന്തെന്ന് മനസിലാവുന്നില്ല.
ഉദ്യോഗാർത്ഥികൾ ടി.ടി.സിക്കാരാണെന്നും അവർ പത്താം തരം വരെ മാത്രമേ മലയാളം പഠിക്കുന്നുള്ളൂ എന്നു പറഞ്ഞിരിക്കുന്നതിൽ ഒന്നിൽ കൂടുതൽ തെറ്റുകളുണ്ട്. 1, കഴിഞ്ഞ 13 വർഷമായി പത്താം തരം കഴിഞ്ഞല്ല പ്ളസ് ടു കഴിഞ്ഞാണ് ടി.ടി.സി പഠിക്കുന്നത്. 2, ടി.ടി.സിയിൽ മലയാളം പഠിക്കുന്നുണ്ട്. 3, 2015 മുതൽ ടി.ടി.സി നിറുത്തലാക്കിയിട്ട് ഡി.എൽ.എഡ് നിലവിൽ വന്നു. അതിനാൽ മൂന്നുവർഷമായി എൽ.പി, യു.പി അദ്ധ്യാപകന്റെ യോഗ്യതയിൽ ടി.ടി.സി അഥവാ ഡി.എൽ.എഡ് പോലെ ബി.എഡും പറയുന്നുണ്ട്. ഇവയിൽ എല്ലാം മലയാളം പഠിക്കുന്നതിനാൽ പത്താംതരം വരെ മാത്രമേ മലയാളം പഠിക്കുന്നുള്ളൂ എന്ന് പ്രസ്താവിച്ചത് മനഃപൂർവം കബളിപ്പിക്കുന്നതിനാണെന്ന് വരുന്നു. മലയാള പരിജ്ഞാനം പരീക്ഷിക്കാൻ സാങ്കേതികമായി ഒരു തടസവുമില്ല എന്നതാണ് വസ്തുത.
കെ.ഇ.ആർ ഒന്നു വായിച്ചുനോക്കിയെങ്കിൽ പി.എസ്.സി അദ്ധ്യാപക നിയമനത്തിൽ മലയാളം ഒഴിവാക്കുകയില്ലായിരുന്നു.
ഇങ്ങനെയൊക്കെയായിട്ടും മാതൃഭാഷാ പരിഗണനയിൽ പി.എസ്.സി എന്നും മുന്നിൽ എന്നാണ്
ഇപ്പോഴത്തെ അവകാശവാദം. പത്താം തരവും അതിൽ താഴെയും യോഗ്യതയായുള്ള എത്രയോ പരീക്ഷാ പ്രഖ്യാപനങ്ങൾ എങ്കിലും പി.എസ്.സി മാതൃഭാഷയിലാണോ നടത്തിയതെന്ന് പരിശോധിക്കണം. മേട്രൻ ഉൾപ്പെടെ പി.എസ്.സി നോട്ടിഫിക്കേഷനുകൾ ഇംഗ്ളീഷിലാണ്. ഇനി പ്രഖ്യാപനം വരാൻ ഇരിക്കുന്ന ലോവർ ഡിവിഷൻ ക്ളാർക്ക് തസ്തികയുടെ പ്രാഥമിക ഘട്ട പരീക്ഷയിൽ മലയാളം ഒഴിവാക്കിയിരിക്കുകയാണ്. മലയോര - കടലോര - ഗ്രാമപ്രദേശങ്ങളിൽ നിന്നുവരുന്ന പാവപ്പെട്ടവരുടെ കുട്ടികൾ എൽ.ഡി ക്ളാർക്കുപോലും ആകരുത് എന്ന നിർബന്ധബുദ്ധി കൊണ്ടല്ലേ ഇങ്ങനെയൊരു തീരുമാനം എന്ന് സംശയിച്ചാൽ തെറ്റാണോ?
കെ.എ.എസ് പരീക്ഷയിൽ 30 % ചോദ്യങ്ങൾ മലയാളത്തിലായിരുന്നു എന്നാണ് മറ്റൊരു അവകാശവാദം. ആകെ 200 ചോദ്യങ്ങൾ; 200 മാർക്കിന്. അതിൽ 30 മാർക്കിന് മലയാളം. അതാണ് 30 % മലയാളമായത്. 30 % ആകണമെങ്കിൽ 200-ൽ 60 മാർക്കിന് മലയാളം ചോദിക്കണമായിരുന്നു. അതുണ്ടായില്ല. ഇങ്ങനെ കേരളീയന്റെ കണ്ണിൽ പൊടിയിടുന്നത് ഇനിയെങ്കിലും പി.എസ്.സി അവസാനിപ്പിക്കണം.
30 മാർക്കിന്റെ മലയാളം കെ.എ.എസിൽ ഉൾപ്പെടുത്താൻ കേരളത്തിലെ ജനത കൊടുത്ത വില വലുതാണ്. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 19 ദിവസത്തെ നിരാഹാരം വേണ്ടിവന്നു. 2019 സെപ്തംബർ 13 ന് തിരുവോണ നാളിൽ 17 കേന്ദ്രങ്ങളിൽ പ്രായഭേദമെന്യേ, സ്ത്രീ - പുരുഷ ഭേദമെന്യേ ഉണ്ണാവ്രതമിരിക്കേണ്ടിവന്നു.
പി.എസ്.സിയുടെ ഇത്തരം മാതൃഭാഷാ വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് 35000 കേരളീയർ ഓൺലൈൻ വഴി ഐക്യമലയാള പ്രസ്ഥാനം സമർപ്പിച്ച ഭീമഹർജി മുഖ്യമന്ത്രിയുടെ അടുക്കൽ പോലും എത്തിക്കാതെ സെക്രട്ടേറിയറ്റിലെ മലയാള വിരുദ്ധ ശക്തികൾ പൂഴ്ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഐക്യമലയാള പ്രസ്ഥാനം വീണ്ടും സമരത്തിനിറങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്. 2020 നവംബർ 1 മുതൽ 7 വരെ പ്രതിഷേധ വാരമായി ആചരിക്കുന്നു. മാതൃഭാഷ മനുഷ്യാവകാശമാണ്. അത് നിഷേധിക്കാനൊരുങ്ങിയാൽ ഇനിയും അംഗീകരിച്ചുതരാൻ കഴിയില്ല.
(, ഐക്യമലയാള പ്രസ്ഥാനം സെക്രട്ടറിയാണ് ലേഖകൻ)