
എന്തു ചെയ്താലും നന്നാവുകയില്ലെന്നു വാശിയിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സിക്കായി സർക്കാർ പുതിയൊരു പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുമ്പു പലവട്ടം നടപ്പാക്കാൻ ശ്രമിച്ചതും പാതിവഴിയിൽ ഉപേക്ഷിച്ചതുമായ പുനരുദ്ധാരണ പദ്ധതികൾ ഒരു ഗുണവും ചെയ്തില്ലെന്ന ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണം. എന്തു നഷ്ടം സഹിച്ചും പൊതുമേഖലയെ സംരക്ഷിക്കുമെന്ന സർക്കാർ നയത്തിനനുസൃതമായിട്ടാണ് ഇപ്പോഴത്തെ കാൽവയ്പ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി നൽകിയത് 4160 കോടി രൂപയാണ്. ദരിദ്ര ഖജനാവിൽ നിന്ന് ഇത്രയേറെ പണം ഒഴുക്കിയിട്ടും കോർപറേഷൻ ഒരു തരത്തിലും രക്ഷപ്പെട്ടില്ലെന്നാണ് കരുതേണ്ടത്. കൊവിഡ് മഹാമാരി കൂടിയായതോടെ ആ സ്ഥാപനം ഏതാണ്ട് പൂർണമായും നിലയില്ലാക്കയത്തിലാവുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നുള്ള മോചനം അടുത്ത കാലത്തൊന്നും സാദ്ധ്യമാണെന്നു തോന്നുന്നില്ല. കൊവിഡ് മാറി പഴയ നിലയിലെത്താൻ ഏറെ നാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. അപ്പോഴേക്കും ബാദ്ധ്യതകൾ പതിന്മടങ്ങു വർദ്ധിച്ച് കോർപറേഷനെ തലയ്ക്കുമീതെ മുക്കുന്ന സ്ഥിതിയിലുമാകും. വിദഗ്ദ്ധ സമിതികൾ പലതും മുമ്പ് കോർപറേഷനെ രക്ഷിക്കാനായുള്ള ശുപാർശകളുമായി മുന്നോട്ടുവന്നിരുന്നു. ഒന്നും പൂർണ തോതിൽ നടപ്പായില്ല. കോർപറേഷന്റെ തലപ്പത്ത് വന്ന പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരും വളരെയധികം ശ്രമം നടത്തിയതാണ്. ദൗത്യം പൂർണമാക്കാൻ ആരെയും അനുവദിച്ചില്ലെന്നതാണ് സത്യം.
തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കെ. എസ്.ആർ.ടി.സി പുനരുദ്ധാരണ പാക്കേജ് പ്രധാനമായും ഉന്നംവയ്ക്കുന്നത് കോർപ്പറേഷന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനാണ്. കെ.എസ്.ആർ.ടി.സി സർക്കാരിനു നൽകാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളുന്നതും 3194 കോടിയുടെ വായ്പ സർക്കാരിന്റെ ഓഹരിയായി മാറ്റുന്നതും ഇതിന്റെ ഭാഗമാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കു നൽകാനായി പിടിച്ച പണം 2016 മുതൽ കുടിശികയായി നിൽക്കുകയാണ്. മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഇനത്തിലും വലിയ സംഖ്യ കുടിശികയാണ്. ഇവയ്ക്കെല്ലാമായി 255 കോടി രൂപ സർക്കാർ ഉടൻ നൽകുമെന്നാണ് വാഗ്ദാനം.
കോർപറേഷന്റെ അധീനതയിൽ ഉള്ള സ്ഥലങ്ങൾക്ക് പട്ടയം നൽകാനും നടപടി എടുക്കും. മിക്കവാറും എല്ലാ ഡിപ്പോകളും പണയപ്പെടുത്തി വായ്പ എടുത്തിട്ടുള്ളതു കാരണം കോർപറേഷന് ഇപ്പോൾ വായ്പയ്ക്കായി സർക്കാരിനെ മാത്രമേ സമീപിക്കാനാവൂ. ബാങ്കുകളെല്ലാം മുഖം തിരിഞ്ഞുനിൽക്കുകയാണ്. ബാങ്കുകളുമായി കൂടിയാലോചിച്ച് പുതിയൊരു വായ്പാ പാക്കേജിനുള്ള സാദ്ധ്യത ആരായാൻ സർക്കാർ ശ്രമം തുടങ്ങും. എട്ടുവർഷമായി ശമ്പള പരിഷ്കരണം നടന്നിട്ട്. അതും പുതിയ രക്ഷാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി ശമ്പള പരിഷ്കരണ ചർച്ച ഉടൻ തുടങ്ങുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്ഥിരം ജീവനക്കാർക്ക് 1500 രൂപ വീതം ഇടക്കാലാശ്വാസവും പ്രഖ്യാപിച്ചിട്ടുണ്ട്. എംപാനലുകാരെ പിരിച്ചുവിടുകയില്ലെന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
വരവും ചെലവും തമ്മിലുള്ള വർദ്ധിച്ച പൊരുത്തക്കേടാണ് കെ.എസ്.ആർ.ടി.സി നേരിടുന്ന പ്രധാന വെല്ലുവിളി. കുത്തഴിഞ്ഞ ഭരണക്രമവും ജീവനക്കാരുടെ ആധിക്യവും ആത്മാർത്ഥതയില്ലാത്ത സമീപനവുമെല്ലാം കൂടി കോർപറേഷനെ ശ്വാസം മുട്ടിക്കുകയാണ്. മുടങ്ങാതെ ശമ്പളവും പെൻഷനും നൽകാൻ സർക്കാർ സഹായിക്കണമെന്ന നിലയിലെത്തിയത് ഇന്നോ ഇന്നലെയോ അല്ല. വർഷങ്ങളായി ആ സ്ഥിതി തുടരുകയാണ്. വരുമാനം വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി ഇടക്കാലത്ത് കുറച്ചൊക്കെ നേട്ടമുണ്ടായതാണ്. എന്നാൽ തലപ്പത്ത് അടിക്കടി വരുത്തിയ മാറ്റങ്ങൾ ആ നേട്ടം ഇല്ലാതാക്കി. മാർച്ചിൽ കൊവിഡ് കാരണം ഗതാഗത മേഖല നിശ്ചലമായതോടെ ഏറ്റവുമധികം നഷ്ടം നേരിടേണ്ടിവന്നതും കെ.എസ്.ആർ.ടി.സിക്കാണ്.
അടുത്ത മൂന്നുവർഷം കൊണ്ട് വരവും ചെലവും തമ്മിലുള്ള അന്തരം 500 കോടി രൂപയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ രക്ഷാ പാക്കേജിന് രൂപം നൽകിയിരിക്കുന്നത്. ഈ തുക ഗ്രാന്റായി സർക്കാർ നൽകാൻ പോവുകയാണ്. ഇത്തരത്തിൽ സർക്കാരിന്റെ സഹായം പറ്റി എത്രകാലം കോർപറേഷന് മുന്നോട്ടു പോകാനാവുമെന്ന് ചിന്തിക്കേണ്ടതാണ്. വരുമാനം വർദ്ധിപ്പിക്കാനും പ്രവർത്തനച്ചെലവു കുറയ്ക്കാനുമുള്ള പ്രായോഗിക നടപടികളെക്കുറിച്ചാണ് പ്രഥമമായി ആലോചിക്കേണ്ടത്. കേന്ദ്രീകൃത സംവിധാനത്തിൽ നിന്നുള്ള മാറ്റത്തെക്കുറിച്ച് പല വിദഗ്ദ്ധ സമിതികളും പുതിയ ആശയങ്ങൾ സമർപ്പിച്ചിട്ടുണ്ട്. സംഘടനകളുടെ എതിർപ്പിനു മുമ്പിൽ അവയൊന്നും പുറത്തെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. ദീർഘദൂര റൂട്ടുകളിൽ കുത്തകാവകാശമുണ്ടായിട്ടും വേണ്ടവിധം സർവീസുകൾ നടത്തി മുതലാക്കാൻ കഴിയുന്നില്ല. അന്തർ സംസ്ഥാന സർവീസുകളിലടക്കം ഇതാണ് സ്ഥിതി. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബസുകൾ വാങ്ങാൻ കഴിയാത്തതിനാൽ നിലവിലെ സർവീസുകൾ പോലും മുടക്കം കൂടാതെ നടത്താനാകുന്നില്ല.
ഇങ്ങനെ പരാധീനതകൾ പറയാനാണെങ്കിൽ അനവധിയുണ്ട്. പ്രതിസന്ധി മൂർച്ഛിക്കുമ്പോൾ സഹായത്തിന് സർക്കാർ എത്തുമെന്ന് ഉറപ്പുള്ളതിനാൽ കോർപറേഷന്റെ ഭരണ തലപ്പത്ത് പൊതുവേ ഒരു അലംഭാവം എക്കാലത്തും പ്രകടമാണ്. അതിൽ മാറ്റം വരുത്തുകയെന്നതിലാണ് ഏതു പുനരുദ്ധാരണ പാക്കേജിന്റെയും വിജയം കുടികൊള്ളുന്നത്. പ്രവർത്തനം വൈവിദ്ധ്യവത്കരിക്കൽ വരുമാനം വർദ്ധിപ്പിക്കാനുള്ള നല്ലൊരു ഉപായമാണ്. ഈയിടെ അതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പാഴ്സൽ - കൊറിയർ സർവീസുകളുടെ തുടക്കം അതിന്റെ ഭാഗമാണ്. കോർപറേഷന് ഭാരമാകാത്ത വിധത്തിൽ ഡിപ്പോകളിൽ പുതിയ വാണിജ്യ സംരംഭങ്ങൾ തുടങ്ങാവുന്നതേയുള്ളൂ ആസൂത്രണമില്ലായ്മ കാരണം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ബഹുനില മന്ദിരത്തിൽ നല്ലൊരു ഭാഗം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
സി.എൻ.ജി, ഇലക്ട്രിക് ബസുകളുടെ നടത്തിപ്പിനായി പുതിയൊരു കോർപ്പറേഷനുണ്ടാക്കാൻ പോകുന്നതായി കേൾക്കുന്നു. കെ.യു. ആർ.ടി.സി മാതൃകയിലാണ് അതും രൂപീകരിക്കുക. ഇതേ മാതൃകയിൽ എന്തുകൊണ്ട് മേഖലാ തലത്തിൽ പുതിയ കോർപറേഷനുകൾ ആരംഭിച്ചുകൂടാ? പ്രവർത്തനക്ഷമത കൂട്ടാനും വൈവിദ്ധ്യവത്കരിക്കാനും വികേന്ദ്രീകൃത സംവിധാനം ആവശ്യമാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഇലക്ട്രിക് ബസ് സർവീസ് ആരോരുമറിയാതെയാണ് അവസാനിച്ചത്. കൂടുതൽ ഇലക്ട്രിക് - സി.എൻ.ജി ബസുകൾ നിരത്തിലിറക്കേണ്ടിവരുമ്പോൾ അതിന്റെ നടത്തിപ്പ് വെല്ലുവിളിയാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.