
വേതാളത്തിന്റെ റീമേക്കിൽ ചിരഞ്ജീവിയുടെ അനുജത്തി
മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെദേശീയ പുരസ്കാരം നേടിയ അഭിനേത്രിയാണ് കീർത്തി സുരേഷ്. അവാർഡും മഹാനടിയുടെ മഹാവിജയവും തെലുങ്കിൽ കീർത്തിയുടെ മാർക്കറ്റ് വാല്യു വർദ്ധിപ്പിച്ചെങ്കിലും തെലുങ്കിൽ കീർത്തിക്ക് പക്ഷേ തുടർന്ന് മഹാനടിയോളം ഗരിമയുള്ള സിനിമകളോ കഥാപാത്രങ്ങളോ ലഭിച്ചില്ല.
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തെലുങ്കിൽ വീണ്ടും കീർത്തിക്ക് ഒരു സൂപ്പർ പ്രോജക്ട് കൈവന്നിരിക്കുകയാണ്. മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പമാണ് തെലുങ്കിൽ കീർത്തിയുടെപുതിയ ചിത്രം.
അജിത്കുമാർ നായകനായ വേതാളത്തിന്റെ റീമേക്കാണിത്. ചിരഞ്ജീവിയുടെ അനുജത്തി വേഷമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്നത്.
മെഹർ രമേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും.
തമിഴിൽ ലക്ഷ്മി മേനോൻ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിലെത്തുമ്പോൾ കാതലായ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്നാണ് സൂചന. ചിരഞ്ജീവി തന്നെയാണ് ഈ കഥാപാത്രമവതരിപ്പിക്കാൻ കീർത്തിയെ നിർദ്ദേശിച്ചത്.
തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ നായികയായി സർക്കാരു വാർപാട്ട എന്നചിത്രത്തിലഭിനയിച്ച് വരികയാണ് കീർത്തിയപ്പോൾ. നിഥിന്റെ നായികയാകുന്ന രംഗ് ദേ എന്ന ചിത്രം ഷെഡ്യൂൾ പായ്ക്കപ്പായി.