chennithala

തിരുവനന്തപുരം: മുഖ്യമന്ത്രി കത്തെഴുതിയാവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിലെത്തിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം എങ്ങനെ രാഷ്ട്രീയ പകപോക്കലാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ചോദിച്ചു. സ്വർണക്കടത്ത് കേസന്വേഷണം ശരിയായ ദിശയിലാണെന്ന് നാഴികയ്‌ക്ക് നാല്പത് വട്ടം പറയുന്നത് മുഖ്യമന്ത്രിയാണ്. സ്വർണക്കടത്ത് കേസന്വേഷണത്തിനിടയിലാണ് ലൈഫ് പദ്ധതിയിലെ അഴിമതി പുറത്തുവന്നത്.കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പറഞ്ഞത് ശരിയായ നിലപാട് തന്നെയാണ്. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. സ്വർണക്കടത്തും ഡോളർ കടത്തും നാടുകടത്തുമാണ് എൽ.ഡി.എഫ് ഭരണത്തിൽ നടക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഗിരിപ്രഭാഷണം നടത്തുകയാണ്. മന്ത്രിമാരായ കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ കാരാട്ട് റസാഖ്, കൗൺസിലർ കാരാട്ട് ഫൈസൽ എന്നിങ്ങനെ ഇടതുമുന്നണിയിലുള്ളവരാണ് സ്വർണക്കടത്ത് കേസുമായും അതിലെ പ്രതികളുമായും ബന്ധമുള്ളവർ. പ്രതിപക്ഷ നേതാവെന്ന നിലയിൽ ആരോപണമുന്നയിക്കുന്ന തന്നെ തേജോവധം ചെയ്യാൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് അതുകൊണ്ടാണ്. യോഗി ആദിത്യനാഥിന്റെ കേരള മാതൃകയാണ് പിണറായി വിജയൻ. മോദിയെപ്പോലെ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്നു. വാളയാറിലെ അമ്മയുടെ സമരം കേരളത്തിന്റെ സമരമാണ്. കെ.എം. ഷാജിയെ വേട്ടയാടാനുള്ള സർക്കാർ നീക്കം യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടും. രാജ്യത്തെ പുതിയ കൊവിഡ് കേസുകളിൽ പത്ത് ശതമാനം കേരളത്തിലാണ്. എന്നിട്ടും കണക്ക് താഴ്‌ത്താൻ പരിശോധന കുറയ്‌ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.