
അസുഖത്തെ വളരെ സൂക്ഷ്മമായി മനസ്സിലാക്കുകയും അതിനുള്ള മരുന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ വൈദ്യൻ. എന്നാൽ രോഗം എന്തെന്നോ, എങ്ങിനെ രോഗം നിർണയിക്കണമെന്നോ, മരുന്ന് എങ്ങനെ പ്രവർത്തിക്കുമെന്നോ, എത്രമാത്രം ഫലം കിട്ടുമെന്നോ തിരിച്ചറിയാത്ത പലരും ഇന്ന് മരുന്ന് നിർദ്ദേശിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ,ഓൺ ലൈൻ മാർക്കറ്റിംഗ്,ഡോർ ടു ഡോർ ഡെലിവറി, മൾട്ടി ലെവൽ മാർക്കറ്റിംഗ് തുടങ്ങി പലതും അതിനായി ഉപയോഗിക്കുന്നുണ്ട്.
നിയമങ്ങൾ കാറ്റിൽപറത്തിയാണ് അൽപ ലാഭത്തിനായി പലരും ഇൗ രംഗത്ത് പ്രവർത്തിക്കുന്നത്. നിറം കിട്ടാനും, തടി കുറയ്ക്കാനും കൂട്ടാനും, ജനറൽ ഹെൽത്തിനും, വിശപ്പിനും ഒക്കെ ഇപ്പോൾ മരുന്ന് തീരുമാനിക്കുന്നത് ഡോക്ടർമാരല്ല,മരുന്ന് നിർമ്മാണ കമ്പനികളാണ്. കാശ് കിട്ടിയാൽ എന്തും ചെയ്യുന്ന ചിലരുടെ വാചാലത കേട്ട് ആദ്യം ആരും മരുന്നു വാങ്ങും. പിന്നെ മൾട്ടി ലെവൽ മാർക്കറ്റിംഗിൽ ആളെ ചേർത്ത് ലാഭവിഹിതം കിട്ടുവാനുള്ള ശ്രമം നടത്തും.
വീട്ടിലേക്ക് ഒരു ഫർണിച്ചർ വാങ്ങുന്നതുപോലെ, കടയിൽ നിന്ന് ഉപ്പും മുളകും വാങ്ങുന്നതുപോലെ വളരെ നിസ്സാരമായ ഒരു സൈഡ് ബിസിനസായി മരുന്ന് കച്ചവടവും മാറിയിരിക്കുന്നു. അവരിൽ നിന്ന് മരുന്നുവാങ്ങി കഴിക്കാൻ മടിയില്ലാത്ത ഒരു ജനവിഭാഗം എങ്ങനെ കേരളത്തിൽ ഉണ്ടായി എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
ഇപ്രകാരം മരുന്ന് കൈകാര്യം ചെയ്യുന്നവരെ വിവരമുള്ളവർ പ്രോത്സാഹിപ്പിക്കരുത്. വിഷത്തെ പോലും അറിവുള്ളവന് യുക്തിപൂർവ്വം മരുന്നായി ഉപയോഗിക്കാൻ കഴിയും. അറിവും പ്രായോഗിക പരിഞ് ജാനവും അർഹതയും ഇല്ലാത്തവരുടെ കയ്യിൽ നിന്ന് വാങ്ങുന്ന മരുന്നുപോലും വിഷമായി ഭവിക്കും എന്നും തിരിച്ചറിയണം.