sreechitra

വില 5.9 ലക്ഷം

തിരുവനന്തപുരം: വായിലെ കാൻസർ കണ്ടെത്തുന്നതിനും ബയോപ്‌സിക്ക് ആവശ്യമായ സാമ്പിൾ ശേഖരിക്കുന്നതിന് അനുയോജ്യമായ സ്ഥാനം നിശ്ചയിക്കുന്നതിനും സഹായിക്കുന്ന ഓറൽ സ്‌കാനർ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് വിപണിയിലിറക്കി. ഇതിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ഇന്ന് നിർവഹിക്കും.

ഇന്നൊവേറ്റീവ് ഇന്ത്യയിലെ കേതൻ പർമറിന് നൽകി ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ ആദ്യവില്പന നടത്തും. തുടർന്ന് ഓൺലൈനായി ഓറൽ സ്‌കാനർ ലഭ്യമാകും.

5.9 ലക്ഷം രൂപയാണ് വില. ശ്രീചിത്രയിലെ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്ററായ ടൈമെഡിലിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ സാസ്‌കാൻ മെഡിടെക്ക് പ്രൈവറ്റ് ലിമിറ്റഡാണ് ഉപകരണം

വികസിപ്പിച്ചത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിധി പദ്ധതിയുടെ സാമ്പത്തിക പിന്തുണയോടെ മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് നിർമ്മാണം. ബിറാക്, ഡി.എസ്.ടി , കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നീ സർക്കാർ സ്ഥാപനങ്ങളും സാമ്പത്തിക സഹായം നൽകി. ഓറൽ സ്‌കാനിന്റെ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റും ലഭിച്ചു. അമേരിക്കൻ പേറ്റന്റിനായി അപേക്ഷ സമർപ്പിച്ചു.

'രാജ്യത്തെ ആറ് ആശുപത്രികളിൽ പരീക്ഷണം നടത്തി ഓറൽ സ്‌കാനിന്റെ കാര്യക്ഷമത ഉറപ്പാക്കിയിട്ടുണ്ട്.'

-എസ്.ബൽറാം

ടൈമെഡ് സി.ഇ.ഒ

ഓറൽ സ്‌കാനറിന്റെ പ്രവർത്തനം

സ്കാനർ ടോർച്ചു പോലെ കൈയിൽ വച്ച് ഉപയോഗിക്കാം

സ്വച്ച് ഓണാക്കുമ്പോൾ എൽ.ഇ.ഡി ലൈറ്റുകൾ പ്രകാശിക്കും

ലൈറ്റുകൾ വായ്ക്കുള്ളിലേക്ക് കാണിച്ച് പരിശോധിക്കും

ഇതിന്റെ ചിത്രങ്ങൾ സ്കാനർ പകർത്തും

 സോഫ്ട്‌വെയറിന്റെ സഹായത്താൽ രോഗാവസ്ഥയുടെ തോത് നിർണയിക്കാം

പ്രതിവർഷം 80,000 രോഗികൾ
വായിൽ കാൻസർ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത്

ദിനം പ്രതിവർദ്ധിക്കുകയാണെന്ന് സാസ്‌കാൻ സി.ഇ.ഒ ഡോ.സുഭാഷ് നാരായണൻ പറഞ്ഞു. പ്രതിവർഷം 80,000 പേർക്ക് പുതുതായി രോഗം ബാധിക്കുന്നു. എന്നാൽ രോഗ നിർണയം വൈകുന്നതിനാൽ മരണനിരക്ക് കൂടുതലാണ്. വായിലെ കാൻസർ നിർണയത്തിന് നിലവിലെ രീതികൾ അപര്യാപ്തമാണ്. ടോർച്ചിന്റെ സഹായത്തോടെ വായിൽ പരിശോധന നടത്തുന്നതാണ് നിലവിലെ രീതി. ഈ രീതിക്കാണ് ഓറൽ സ്‌കാനിന്റെ വരവോടെ മാറ്റം വരുന്നത്.