കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. നാവായിക്കുളം മുക്കുകട കൂനൻചാലിൽ പാറമുകളിൽ വീട്ടിൽ സഞ്ചു (20), കൂനൽചാലിൽ തടത്തിൽ വീട്ടിൽ സുധി (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയായിരുന്നു അപകടം. നാവായിക്കുളം ഭാഗത്തുനിന്ന് കല്ലമ്പലത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറും ആറ്റിങ്ങൽ ഭാഗത്തുനിന്നും വന്ന മുള്ളറംകോട് സ്വദേശിയുടെ സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപ്പെട്ടത്. സ്‌കൂട്ടർ വരുന്നത് ശ്രദ്ധിക്കാതെ ദേശീയപാത മറികടന്ന് നഗരൂർ ഭാഗത്തേക്ക് കാർ തിരിഞ്ഞപ്പോൾ സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണാണ് യുവാക്കൾക്ക് പരിക്കേറ്റത്. കല്ലമ്പലം പൊലീസ് കേസെടുത്തു.