തിരുവനന്തപുരം: ഇത്തവണ നഗരസഭ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പിയുടെ പ്രവർത്തനം.100 അംഗ കൗൺസിലിൽ ബി.ജെ.പിക്ക് നിലവിൽ 35 കൗൺസിലർമാരാണുള്ളത്. 55 മുതൽ 60വരെ കൗൺസിലർമാരെ ജയിപ്പിക്കാനാണ് പാർട്ടിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ നേരിയ വോട്ടിന് തോറ്ര സ്ഥലങ്ങൾ ഉൾപ്പെടുത്തിയാലും ഭൂരിപക്ഷത്തിനുള്ള സീറ്ര് എത്തില്ല. ചില സിറ്രിംഗ് വാർഡുകൾ നഷ്ടപ്പെടാനും സാദ്ധ്യതയുള്ളതിനാൽ പുതിയ കുറെ വാർഡ‌് പിടിച്ചാലേ നഗരസഭ പിടിക്കാൻ സാധിക്കുള്ളൂവെന്ന് നേതൃത്വത്തിനറിയാം. അതിനുള്ള ശ്രമത്തിലാണ് ബി.ജെ.പി. സിറ്രിംഗ് കൗൺസിലർമാർക്കെല്ലാം സീറ്ര് കിട്ടുമോ എന്നുറപ്പായിട്ടില്ല. ബി.ജെ.പിയിലെ ഭൂരിഭാഗം കൗൺസിലർമാരും വനിതകളാണ്. കഴിഞ്ഞ തവണത്തെ മിക്ക വനിതാവാർഡുകളും ഇപ്പോൾ ജനറൽ വാർഡായി മാറിയിട്ടുണ്ട്. അതുകൊണ്ട് പല സിറ്രിംഗ് വനിതാ കൗൺസിലർമാർക്കും തൊട്ടടുത്ത വാർഡിലേക്ക് മാറേണ്ടിവരും.അതേസമയം ജനറൽ വാർഡുകളിൽ പുരുഷന്മാരെ നിറുത്തിയാൽ മതിയെന്നാണ് ബി.ജെ.പിയുടെ പൊതുവേയുള്ള തീരുമാനം. മേയർ വനിതാ സംവരണമായതുകൊണ്ട് മേയർ സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അന്വേഷണവും സജീവമായി നടക്കുന്നു. നിലവിൽ സ്റ്രാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സണായ സിമി ജ്യോതിഷിനാണ് മുൻതൂക്കം. ജഗതി കൗൺസിലർ ഷീജാമധുവിന്റെ പേരും കേൾക്കുന്നുണ്ട്. മണക്കാട് പട്ടികജാതി സംവരണമായതിനാൽ സിമി ജ്യോതിഷ് ചാലയിലായിരിക്കും മത്സരിക്കുക. സുരേഷാകും മണക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി. കരമന വനിതാ വാർഡായതിനാൽ കാലടിയിലെ ബി.ജെ.പി കൗൺസിലറെ കരമന നിറുത്താനാണ് ആലോചന. കരമന അജിത് നെടുങ്കാടേക്ക് മാറും. മേലാംകോട് കൗൺസിലർ പാപ്പനംകോടി സജി പുഞ്ചക്കരിയിൽ സ്ഥാനാർത്ഥിയാകും. ആശാനാഥ് പാപ്പനംകോട്ട് തന്നെ മത്സരിക്കും. മുൻ കൗൺസിലറും മുതിർന്ന ബി.ജെ.പി നേതാവുമായ പി.അശോക് കുമാർ പാൽക്കുളങ്ങരയിൽ മത്സരിക്കും. ബി.ജെ.പി കൗൺലസിലർമാരായ വി.ഗിരികുമാർ, കൗൺസിലിലെ പാർട്ടി ലീഡർ എം.ആ‌ർ.ഗോപൻ തുടങ്ങിയവരും മത്സരരംഗത്തുണ്ടാകും. കരിക്കകത്ത് ശിവലാലും കടകംപള്ളിയിൽ ജയാരാജീവും മത്സരിച്ചേക്കും. സിറ്രിംഗ് കൗൺസിലറായ സുനി ചന്ദ്രനും മത്സര രംഗത്തുണ്ടാകും. വാർഡ് തലത്തിൽ രൂപീകരിച്ച 23 അംഗ വാർഡ് മാനേജ്മെന്റ് കമ്മിറ്രിയാണ് സ്ഥാനാർത്ഥികളുടെ പാനൽ തീരുമാനിക്കേണ്ടത്. ഇത് മണ്ഡലം കമ്മിറ്രിക്കും പിന്നീട് ജില്ലാ കമ്മിറ്രിക്കും കൈമാറും. ഈ മാസം 30, 31 തീയതികളിൽ ജില്ലാ കമ്മിറ്രി ചേർന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ തീരുമാനിക്കും. നവംബർ ഒന്നിനും രണ്ടിനും സംസ്ഥാന കമ്മിറ്രി ചേർന്ന് നഗരസഭാ വാർഡുകളിലെയും ജില്ലാ പ‌ഞ്ചായത്തുകളിലെയും സ്ഥാനാർത്ഥികളെ നിശ്ചയിക്കും. മൂന്നിനോ നാലിനോ സ്ഥാനാർത്ഥികളെ ഒൗദ്യോഗികമായി പ്രഖ്യാപിക്കും.