
തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന 1603 സബ് സെന്ററുകളെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി ഉയർത്തുന്നതിന് അനുമതിയായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് താഴെയുള്ള ഉപകേന്ദ്രങ്ങളെ ശാക്തീകരിക്കുന്ന പദ്ധതിയ്ക്കായി 112.27 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി 66.27 കോടി രൂപയും ആവശ്യമായ മരുന്നുകൾ കെ.എം.എസ്.സി.എൽ വഴി ലഭ്യമാക്കുന്നതിന് 46 കോടി രൂപയും ഉൾപ്പെടെയാണ് തുകയനുവദിച്ചതെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സെന്ററുകളുടെ നവീകരണത്തിനായി ഏഴു ലക്ഷം രൂപയും പ്രാഥമിക ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒരു ലക്ഷവും ഉൾപ്പെടെ എട്ടു ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും അനുവദിച്ചിരിക്കുന്നത്. വെൽനെസ് സെന്ററുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് 1603 മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരെ നിയമിക്കാൻ അനുമതിയും നൽകി. ബി.എസ്.സി നഴ്‌സുമാരെയാണ് മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായി നിയമിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതിന് പുറമേ സബ് സെന്ററുകൾ കൂടി വെൽനസ് സെന്ററുകളാകുന്നതോടെ പ്രാഥമിക തലത്തിൽ മികച്ച ചികിത്സ ലഭ്യമാകും.
ഡിസംബറിനുള്ളിൽ പദ്ധതി നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിലെ സേവനങ്ങൾ
ആരോഗ്യ സേവനങ്ങൾ വൈകുന്നേരം വരെ
ലാബ് സൗകര്യം
ജീവിതശൈലീ രോഗ നിയന്ത്രണം
പകർച്ചവ്യാധി നിയന്ത്രണം
പാലിയേറ്റീവ് കെയർ
ശ്വാസ്, ആശ്വാസ് ക്ലിനിക്കുകൾ