
തിരുവനന്തപുരം: കോൺസുലേറ്റിലെ നയതന്ത്രപ്രതിനിധികളെ സംരക്ഷിച്ചുകൊണ്ട്, സ്വർണക്കടത്ത് കേസന്വേഷണവുമായി യു.എ.ഇ സഹകരിക്കുന്നതിന്റെ സൂചനയാണ്, മുഖ്യപ്രതി റബിൻസിന്റെ നാടുകടത്തൽ.
ദുബായിൽ അറസ്റ്റിലുള്ള ഫൈസൽ ഫരീദിനെ രണ്ടാഴ്ചയ്ക്കകം നാടുകടത്തുമെന്ന് എൻ.ഐ.എ പറയുന്നു. വ്യാജരേഖകളുപയോഗിച്ചുള്ള കള്ളക്കടത്തിലൂടെ യു.എ.ഇയുടെ നയതന്ത്ര സംവിധാനത്തെ അവമതിക്കാനും, രാജ്യത്തിന്റെ അന്തസ് നഷ്ടമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള യു.എ.ഇ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണിത്.
റബിൻസിനെ കിട്ടിയതോടെ, സ്വർണക്കടത്തിന് യു.എ.ഇയിൽ നടത്തിയ ദുരൂഹ ഇടപാടുകളുടെ ചുരുളഴിയും. ഭീകരബന്ധമുള്ളവരിൽ നിന്ന് പണം സ്വീകരിച്ചും യു.എ.ഇയുടെ വ്യാജരേഖകൾ നിർമ്മിച്ചും കേരളത്തിലേക്ക് സ്വർണമൊഴുക്കിയ സംഘത്തെയാകെ കണ്ടെത്താനാവും..2019ജൂലായ് മുതൽ കഴിഞ്ഞ ജൂൺ30 വരെ 23തവണയായി 230കിലോ സ്വർണമാണ് നയതന്ത്രചാനലിലൂടെ കടത്തിയത്. ഇതിന് യു.എ.ഇയിലെ വില 104 കോടി രൂപ വരും. പണമൊഴുകിയതിന്റെ വഴികൾ കണ്ടെത്തിയാലേ സ്വർണക്കടത്തിൽ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) നിലനിറുത്താനാവൂ. റബിൻസിൽ നിന്ന് ഇത് കണ്ടെത്താനാണ് എൻ.ഐ.എ ശ്രമിക്കുന്നത്.
സ്വർണക്കടത്തിൽ പങ്കാളികളായ ഏതാനും മലയാളികളെക്കൂടി കണ്ടെത്തേണ്ടതുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയ സ്വർണമടങ്ങിയ ബാഗയച്ചത് ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല നമ്പർ-5, അൽറാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്നാണ്. യു.എ.ഇയുടെ ഔദ്യോഗികചിഹ്നം, നയതന്ത്ര ബാഗാണെന്ന സ്റ്റിക്കർ എന്നിവയ്ക്ക് പുറമെ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബാഗേജെന്ന് രേഖപ്പെടുത്തിയിരുന്നു. ഒരു വ്യക്തി വിചാരിച്ചാൽ ഇത് സാദ്ധ്യമല്ല. വിവരം ആദ്യം വിദേശകാര്യമന്ത്രാലയത്തിൽ അറിയിക്കണം. മന്ത്രാലയം വിമാനക്കമ്പനിക്ക് കത്ത് നൽകണം. യു.എ.ഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സും അവരുടെ സ്കൈകാർഗോയുമാണ് തിരുവനന്തപുരത്തേക്കുള്ള നയതന്ത്രബാഗ് കൈകാര്യം ചെയ്തിട്ടുള്ളത്. "ബിൽ ഒഫ് എൻട്രി" പരിശോധിച്ച് സ്വർണമടങ്ങിയ ബാഗയച്ചത് ആരൊക്കെയാണെന്ന് കണ്ടെത്തണം.
3കടമ്പകൾ
സ്വർണക്കടത്ത് യു.എ.ഇയിൽ ഫെഡറൽ കുറ്റമാണ്. ദുബായിൽ അറസ്റ്റിലായ ഫൈസൽഫരീദിനെ അബുദായി പൊലീസിന് കൈമാറുന്നതടക്കമുള്ള നടപടികളിലെ ആശയക്കുഴപ്പം നീക്കേണ്ടതുണ്ട്.
സ്കൈകാർഗോ, എമിറേറ്റ്സ് എയർലൈൻ, ദുബായ് വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവരുടെ പങ്ക് കണ്ടെത്താൻ വിമാനത്താവളത്തിലടക്കം എൻ.ഐ.എ അന്വേഷണത്തിന് അനുമതി വേണം.
കാർഗോ രേഖകൾ, വിമാനക്കമ്പനിയുടെ പക്കലുള്ള വിവരങ്ങൾ, വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിക്കാനും അനുമതി ആവശ്യം.
റബിൻസ് ഏഴ് ദിവസം എൻ.ഐ.എ കസ്റ്റഡിയിൽ
കൊച്ചി : നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ റബിൻസ് കെ. ഹമീദിനെ (42) എൻ.ഐ.എ കോടതി ഏഴുദിവസം ചോദ്യംചെയ്യലിനായി ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് റബിൻസിനെ കോടതിയിൽ ഹാജരാക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലുമായി ഇയാൾ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു തെളിവുകളും കോടതിയിൽ ഹാജരാക്കി. ഡിജിറ്റൽ ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി സി -ഡാക്കിന് കൈമാറും.
മുമ്പ് പലസന്ദർഭങ്ങളിലും റബിൻസ് സ്വർണക്കടത്തിൽ പങ്കാളിയായിട്ടുണ്ടെന്ന് എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നു. മുഖ്യപ്രതികളായ ഫൈസൽ ഫരീദ്, കെ.ടി. റമീസ് തുടങ്ങിയവരുമായി ഗൂഢാലോചന നടത്തി യു.എ.ഇയിൽ നിന്നു സ്വർണം വാങ്ങാൻ പണം നിക്ഷേപിച്ചതും സ്വർണം നയതന്ത്രബാഗിൽ ഒളിപ്പിച്ചുകടത്തുന്നതിനുള്ള ഒരുക്കങ്ങൾ ചെയ്തുകൊടുത്തതും റബിൻസാണ്. കഴിഞ്ഞ ജൂണിൽ യു.എ.ഇ പൊലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് ഒക്ടോബർ 25വരെ ജയിലിലായിരുന്നു. കേസിലെ മറ്റു പ്രതികളുമായി ബന്ധപ്പെടുന്നതിനുപയോഗിച്ച മൊബൈൽ ഫോണുകളെക്കുറിച്ച് റബിൻസ് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
സർണക്കടത്തിൽ ഭീകര ബന്ധത്തിന് സാദ്ധ്യത
ഭീകരവാദ സംഘങ്ങൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്തിലൂടെ നേടിയ തുക ഭീകരപ്രവർത്തനങ്ങൾക്കോ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കോ ഉപയോഗിച്ചിട്ടുണ്ടാകാം. ഇക്കാര്യങ്ങൾ തെളിയിക്കാൻ റബിൻസിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണം.